ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്.
ഇതിന് അനുസരിച്ച് ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
എന്നാല്‍, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായി നോക്കുമ്ബോള്‍ ഏത് പോളിസി തിരഞ്ഞെടുക്കണം, പോളിസിയില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍, തിരഞ്ഞെടുക്കേണ്ട ഇൻഷുറൻസ് തുക എന്നിവയെക്കുറിച്ച് പലരും ആശയക്കുഴപ്പത്തിലാകും. ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്ബോള്‍ എല്ലാവരും ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍ ഇവയാണ്.
1. ഇൻഷുറൻസ് തുക
ചികിത്സാച്ചെലവ് പ്രതിവർഷം 10-12 ശതമാനം വർധിക്കുന്നു. ഇപ്പോള്‍ മതിയെന്നു തോന്നുന്ന പോളിസി ഭാവിയിലെ ചെലവുകള്‍ താങ്ങാൻ സഹായിച്ചേക്കില്ല. അതിനാല്‍, പണപ്പെരുപ്പത്തില്‍ നിന്നും അപ്രതീക്ഷിത മെഡിക്കല്‍ അത്യാഹിതങ്ങളില്‍ നിന്നും പരിരക്ഷിക്കുന്നതിന് ഒരാള്‍ കുറഞ്ഞത് 10-15 ലക്ഷം രൂപയുടെ കവറേജ് തിരഞ്ഞെടുക്കണം.
2. ടോപ്പ് അപ്പ് പ്ലാൻ നിർബന്ധം
ഒരു ടോപ്പ്-അപ്പ് പ്ലാനിലൂടെ ഒരു നിശ്ചിത പരിധിക്ക് ശേഷവും ഉയർന്ന ആശുപത്രി ചെലവുകള്‍ കവർ ചെയ്തുകൊണ്ട് നിങ്ങളെ സഹായിക്കുന്നു. കൂടിയ പ്രീമിയം വർധനയില്ലാതെ കുടുംബത്തിന്റെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമാണിത്.
3. നിലവിലുള്ള രോഗങ്ങള്‍ അറിയിക്കുക
ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുമ്ബോള്‍, നിലവിലുള്ള രോഗങ്ങള്‍ കൃത്യമായി അറിയിക്കണം. അത്തരം വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ചില അത്യാവശ്യ ഘട്ടങ്ങളില്‍ ക്ലെയിം നിരസിക്കലിന് കാരണമാകും.
4. പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് കൃത്യമായി അറിയുക
പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ചോദിച്ച് മനസിലാക്കുക. സമർപ്പിച്ച എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പാക്കാൻ അപേക്ഷ ശ്രദ്ധാപൂർവ്വം വായിക്കുക. പോളിസിയില്‍ ഉള്‍പ്പെടാത്ത ചെലവുകളെക്കുറിച്ചും ക്ലെയിം കിട്ടാനുള്ള കാലതാമസവും കൃത്യമായി പരിശോധിക്കുക. പോളിസിയില്‍ കവർ ചെയ്തിരിക്കുന്നതും അല്ലാത്തതും എന്താണെന്ന് അറിയുന്നതിലൂടെ അനാവശ്യ വാഗ്‌വാദങ്ങള്‍ ഒഴിവാക്കാനാകും.
5. നികുതി ഇളവ് നോക്കുക
സെക്ഷൻ 80D പ്രകാരമുള്ള നികുതി കിഴിവുകള്‍ ഒരു ബോണസാണ്. എന്നാല്‍, പരമാവധി നികുതി ലാഭിക്കുന്നതിന് പകരം കുടുംബത്തിന് മികച്ച സംരക്ഷണം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.








