വെള്ളറട കിളിയൂരില്‍ അച്ഛനെ മകൻ കൊലപ്പെടുത്തിയ കേസില്‍ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചത്.കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്.
മുറിയില്‍ നിന്നും ‘ഓം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകൻ ജയിലില്‍ നിന്നും പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്ന് ജോസിൻ്റെ ഭാര്യ സുഷമ പറഞ്ഞു.
കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയിരുന്നു. റൂം പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവൻറെ റൂമിലേക്ക് കയറാൻ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാല്‍ ഉടൻ അവൻ പ്രതികരിക്കും. ഭീഷണിപ്പെടുത്തും. മകൻ പുറത്തിറങ്ങിയാല്‍ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും’, അമ്മ പറയുന്നു.
ഈ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്.
ചൈനയില്‍ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിൻ. കൊവിഡിന്റെ സമയത്ത് തിരിച്ച് നാട്ടിലെത്തി. സ്വതന്ത്രമായി ജീവിക്കാൻ തന്നെ വീട്ടുകാർ അനുവദിക്കുന്നില്ല എന്നാണ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിൻ പൊലീസിനോട് പറഞ്ഞത്. അമ്മയെയും അച്ഛനെയും സ്ഥിരമായി ഇയാള്‍ മർദിക്കുമായിരുന്നു.