തിരുവനന്തപുരം: ഓണ്‍ലൈൻ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും പേരില്‍ വ്യാപാര സ്ഥാപനങ്ങളെയും വ്യവസായികളെയും മത – രാഷ്ട്രീയ നേതാക്കളെയും ബ്ലാക് മെയില്‍ ചെയ്ത് പണംതട്ടുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ അന്വേഷണവുമായി കേരള പൊലീസ്.
ബ്ലാക് മെയിലിങ്ങിനും പണപ്പിരിവിനുമായി നടത്തുന്ന വ്യാജ ഓണ്‍ലൈൻ ന്യൂസ് പോർട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും എതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം.
ദക്ഷിണ, ഉത്തരമേഖല ഐ.ജിമാരോട് ഇതുസംബന്ധമായ പരാതികള്‍ അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം നിർദേശം നല്‍കി. ഓണ്‍ലൈൻ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും വാട്സാപ്പ് വാർത്താ ഗ്രൂപ്പുകളുടെയും മറവില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനെ കുറിച്ച് നിരവധി പരാതികള്‍ ഉയർന്നിരുന്നു. മാധ്യമപ്രവർത്തന പരിചയമോ മീഡിയ പശ്ചാത്തലമോ ഇല്ലാതെ തട്ടിപ്പുകള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന ഇത്തരം സംഘങ്ങള്‍ക്ക് പിന്നില്‍ ക്വട്ടേഷൻ സംഘങ്ങള്‍ മുതല്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്ന് സംശയിക്കുന്നതായി ഡി.ജി.പിക്ക് കോം ഇന്ത്യ എന്ന കൂട്ടായ്മ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചിലർ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തലക്കെട്ടുകള്‍ നല്‍കി മാധ്യമപ്രവർത്തകരാണ് എന്നവകാശപ്പെട്ട് പണപ്പിരിവിന് സ്ഥാപനങ്ങളെ സമീപിക്കുന്നത് പതിവാണെന്നും പരാതിയില്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ വാർത്ത നല്‍കുമെന്ന് പറഞ്ഞാണ് ഭീഷണി. ഇത്തരക്കാർ ഒത്തുകൂടി അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്റെ പേരിലും കൂട്ടായ പണപ്പിരിവുകള്‍ നടക്കുന്നതായുംമുഖ്യമന്ത്രി, ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.