ദില്ലി : കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ പ്രശ്നത്തിൽ റസിഡന്റ് കമ്മീഷണർ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനെന്ന പേരിലാണ് മന്ത്രി വീണാ ജോര്‍ജ് ദില്ലിയിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി അയച്ച കത്ത് മന്ത്രി പുറത്ത് വിട്ടു. ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ടയായി കത്തിൽ പറയുന്നത്. 2023-24 വർഷത്തെ കുടിശ്ശിക നൽകണമെന്നാണ് രണ്ടാമത്തെ ആവശ്യം. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളും കത്തിൽ പറയുന്നുണ്ട്.
അതേ സമയം, വീണാ ജോര്‍ജ് ദില്ലിയിലെത്തിയത് ക്യൂബന്‍ ഉപപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെന്ന വിവരം ഇതിനോടകം പുറത്ത് വന്നിരുന്നു. ദില്ലി സന്ദർശനത്തിന്റെ കാരണം മറ്റൊന്നെങ്കിൽ എന്തിന് കേന്ദ്രമന്ത്രിയെ കാണാൻ പോകുന്നുവെന്ന് തങ്ങളെ അറിയിച്ചുവെന്നാണ് നിരാഹ സമരമിരിക്കുന്ന ആശാ വർക്കർമാരുടെ ചോദ്യം. ദില്ലി അശോക് ഹോട്ടലിലാണ് ക്യൂബ പ്രതിനിധി സംഘവുമായുള്ള കേരള മന്ത്രിമാരുടെ കൂടിക്കാഴ്ച്ച. ആരോഗ്യമന്ത്രി വീണ ജോർജ്, കായിക മന്ത്രി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും.