കൽപ്പറ്റ : കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിച്ചെടുക്കുവാൻ ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയ നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും പ്രാദേശിക സർക്കാർ എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളും ചുമതലകളും നിർവ്വഹിക്കാനുണ്ടെന്നിരിക്കെ ഇതര വകുപ്പുകൾ ചെയ്യേണ്ട ജോലികൾ അടിച്ചേൽപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ വയനാട് ജില്ല ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിരുന്ന സെസ് പിരിവ് ഇടക്കാലത്താണ് യാതൊരു വിധ കൂടിയാലോചനയും കൂടാതെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിലേക്ക് മാറ്റിയത്. ഇത് ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കെട്ടിട നിർമ്മാണം പൂർത്തിയായി നമ്പർ അനുവദിക്കുന്നതിന് മുമ്പായി ഗ്രാമപഞ്ചായത്തുകളിൽ സെസ് അടക്കേണ്ടി വരുന്നത് ജനങ്ങളിൽ വലിയ പ്രതിഷേധം ഉണ്ടാവുന്നതിന് കാരണമായിട്ടുണ്ട്. മുമ്പ് കെട്ടിട നിർമ്മാണം പൂർത്തിയാക്കി നമ്പർ ലഭിച്ചതിനുശേഷം ഈ തുക അടക്കുന്നതിന് സാവകാശം ലഭിച്ചിരുന്ന സാഹചര്യമാണ് ഇതോടെ ഇല്ലാതെയായത്. പൊതുജനങ്ങൾക്കിടയിൽ ഇത് വലിയ തോതിലുള്ള എതിർപ്പിന് കാരണമായിട്ടുണ്ട്. വാർഷിക പൊതുയോഗം കല്പറ്റ നിയോജക മണ്ഡലം എം.എൽ എ അഡ്വ ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.
അധികാര വികേന്ദ്രീകരണത്തിൻ്റെ അന്തസത്ത കാത്തു സൂക്ഷിക്കുവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എച്ച്. ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. പി.ജി. ജോർജ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു.
ജില്ലാ സെക്രട്ടറി എ.കെ.റഫീഖ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം. വി.വിജേഷ്, കെ.ഇ.വിനയൻ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി ബാബു പ്രസംഗിച്ചു. പി.പി. റെനീഷ്, ദിലീപ് പുൽപ്പള്ളി, ഹഫ്സത്ത് .സി.കെ, ഷീജ സതീഷ്, എൽസി ജോയി, ഷമീം പാറക്കണ്ടി, ബ്രാൻ അഹമ്മദ് കുട്ടി, നസീമ മങ്ങാടൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.