കൽപ്പറ്റ:
ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം (2024- 25) നാലാം പാദത്തിൽ 8332 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ അറിയിച്ചു.
ഇതിൽ മുൻഗണന വിഭാഗത്തിന് 6374 കോടി രൂപയും മറ്റു വിഭാഗത്തിന് 1958 കോടി രൂപയുമാണ് വിതരണം ചെയ്തത്. ജില്ലയിൽ നാലാം പാദത്തിൽ വായ്പ വിതരണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വർഷം നാലാം പാദത്തിലെ ജില്ലാതല അവലോകന യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 8332 കോടി രൂപയാണ് ഈ കാലയളവിൽ വിതരണം ചെയ്തത്. കാര്‍ഷിക വായ്പയായി 4855 കോടി രൂപയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടുന്ന നോൺ ഫാർമിംഗ് സെക്ടറിൽ 1022 കോടി രൂപയും മറ്റ് മുൻഗണന വിഭാഗങ്ങളിൽ 497 കോടി രൂപയും വായ്പ നല്‍കി.
ബാങ്കുകളുടെ മൊത്തം വായ്പ 2024 മാർച്ച് മാസത്തെ അപേക്ഷിച്ച് 8522 കോടി രൂപയില്‍ നിന്നും 9389 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. വായ്പ വിതരണത്തിലും നിക്ഷേപത്തിലും 10 ശതമാനമാണ് വര്‍ധന. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 128 % മാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ബാങ്കിങ്ങ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു. 2025-26 സാമ്പത്തിക വർഷത്തെ ജില്ലാ ക്രെഡിറ്റ് പ്ലാൻ ഐസി ബാലകൃഷ്ണൻ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് പ്രകാശനം ചെയ്തു.
യോഗത്തിൽ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ (ആർആർ) ഗീത സി, കനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അനുഷ്‌മാൻ ദെ, ആർബിഐ ലീഡ് ജില്ലാ ഓഫീസർ ഇ കെ രഞ്ജിത്ത്, ലീഡ് ജില്ലാ മാനേജർ ടി എം മുരളീധരൻ, നബാർഡ് ജില്ലാ വികസന ഓഫീസർ ആർ ആനന്ദ്, മറ്റ് സർക്കാർ, ബാങ്കിംഗ് മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.