വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെഎസ്‌എഫ്‌ഇ പുതുക്കി. ജനറല്‍ ഫിക്സഡ് ഡെപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ്, ഷോർട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്.സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണ നിക്ഷേപം തുടങ്ങിയവക്ക് ഒരു വർഷത്തേക്ക് 8.50 ശതമാനമായും, ഒരു വർഷം മുതല്‍ രണ്ട് വർഷത്തേക്ക് 8 ശതമാനമായും, രണ്ട് വർഷം മുതല്‍ മൂന്ന് വർഷത്തേക്ക് 7.75 ശതമാനമായും പലിശ നിരക്കുയർത്തി.
ചിട്ടിയുടെ മേല്‍ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (CSDT) പലിശ നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി. കൂടാതെ 181 മുതല്‍ 364 ദിവസത്തിനുള്ള ഹ്രസ്വകാല നിക്ഷേപം 5.50 ശതമാനത്തില്‍ നിന്നും 6.50 ശതമാനമാക്കി പലിശ നിരക്കുയർത്തി. വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് നിലവില്‍ ലഭിക്കുന്ന 8.75% പലിശ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ നിക്ഷേപകരുടെ പ്രായപരിധി 60-ല്‍ നിന്നും 56 വയസ്സാക്കിയിട്ടുണ്ട്.
ഇതോടെ നിക്ഷേപ പദ്ധതികള്‍ നിക്ഷേപകർക്കിടയില്‍ കൂടുതല്‍ ആകർഷണീയമാകുമെന്നാണ് കെഎസ്‌എഫ്‌ഇ പ്രതീക്ഷിക്കുന്നത്. ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകള്‍ കുത്തനെ കുറക്കുമ്ബോള്‍ സ്ഥിര നിക്ഷേപ പലിശയെ ആശ്രയിക്കുന്നവരുടെ പ്രതീക്ഷയാകുകയാണ് കെഎസ്‌എഫ്‌ഇ. നിക്ഷേപിക്കുന്ന തുകയ്ക്ക് 100% ഗവണ്‍മെന്‍റ് ഗ്യാരന്‍റിയുമുണ്ട്.