അപൂർവ്വമായ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് 12 സഹോദരങ്ങൾ. എല്ലാവരുടേയും പ്രായം കൂട്ടിനോക്കിയപ്പോൾ കിട്ടിയ സംഖ്യയാണ് അവർക്ക് ഭാഗ്യം കൊണ്ടുവന്നത്. 97 വയസ്സ് മുതൽ 75 വയസ്സുവരെയുള്ള 12 സഹോദരങ്ങളുടെ ആകെ പ്രായം 1042 വയസ്സും 315 ദിവസവുമാണ്. ഒമ്പത് സഹോദരിമാരും അവരുടെ മൂന്ന് സഹോദരൻമാരും കാനഡ, അമേരിക്ക, സ്വിറ്റ്സർലാൻഡ് എന്നിവടങ്ങളിലായാണ് ഇപ്പോൾ ജീവിക്കുന്നത്.
പാക്കിസ്ഥാനിലെ കറാച്ചിയിൽ മൈക്കിളിനും സിസിലിയയ്ക്കുമുണ്ടായ 12 മക്കളെ പരിചയപ്പെടാം. 1923ൽ ജനിച്ച ഡോറീൻ ലൂയിസാണ് ഏറ്റവും മൂത്തയാൾ. പാട്രിക് ഡിക്രൂസ് (1925), ജെനവീവ് ഫാൽക്കോ (1927), ജോയ്സ് ഡിസൂസ (1929), റൊണാൾഡ് ഡിക്രൂസ് (1930), ബെറിൽ കോൺടിലാക് (1932), ജോ ഡിക്രൂസ് (1934), ഫ്രാൻസെസ്ക ലാബോ (1936), അൽതെ പെക്കസ് (1938), തെരേസ ഹെഡിങ്ങർ (1940), റോസ്മേരി ഡീസൂസ (1943), യൂജെനിയ കാർട്ടർ (1945) എന്നിവരാണ് മറ്റുള്ളവർ.
12 സഹോദരങ്ങളും തങ്ങളെ തേടിയെത്തിയ പുതിയ റെക്കോർഡിൽ വലിയ സന്തോഷത്തിലാണ്. ‘ഇത് ശരിക്കും അദ്ഭുതകരമായി തോന്നുന്നു’. സഹോദരങ്ങളിലൊരാൾ സിടിവി ന്യൂസിനോട് പ്രതികരിച്ചു. ‘ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിൽ ഏറെ അഭിമാനിക്കുന്നു. അതാണ് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നതും’… -അവർ കൂട്ടിച്ചേർത്തു. വർഷത്തിൽ മൂന്നുതവണയെങ്കിലും ഒരുമിച്ചു കൂടാറുള്ള 12 പേരും ഇത്തവണ കോവിഡ് കാരണം എല്ലാം സൂം വിഡിയോ കോളിൽ ഒതുക്കി.
ഗിന്നസ് ലോക റെക്കോർഡുമായി ബന്ധപ്പെട്ട് ഒരു ബന്ധുവായിരുന്നു 12 പേർക്കും ആദ്യം വിവരം നൽകുന്നത്. മറ്റൊരു കുടുംബം ഇത്തരത്തിൽ റെക്കോർഡ് ടൈറ്റിലിന് അടുത്തെത്തിയ സാഹചര്യത്തിൽ, അവർ തങ്ങളുടെ പ്രായം കൂട്ടിനോക്കുകയും അത് ഒരുപാട് കൂടുതലാണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നാലെ ജനന സർട്ടിഫിക്കറ്റും സിറ്റിസൺഷിപ്പ് കാർഡുകളും സമർപ്പിച ചെയ്ത് ഗിന്നസ് റെക്കോർഡിനായി ശ്രമിക്കുകയായിരുന്നു.