പനമരം : പാടെ തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിച്ചിരുന്ന പനമരം – നടവയൽ റോഡിലെ യാത്രാ ദുരിതത്തിന് താല്കാലിക പരിഹാരം. ഇന്നലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ മുതൽ റോഡിലെ കുഴികളടയ്ക്കൽ ആരംഭിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിൽ തളംകെട്ടി നിൽക്കുന്ന മലിന ജലം ചാലുകീറി ഒഴിവാക്കി കല്ലുകൾ ഇളക്കി നിരത്തിയ ശേഷം കല്ലടി മെഷീൻ കൊണ്ട് ഉറപ്പിച്ച് കുഴികൾ നികത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. ഇതോടെ ഇതുവഴിയുള്ള യാത്രാക്ലേശത്തിന് താല്കാലിക പരിഹാരമാവും.
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ കാൽനടയാത്ര പോലും ദുഃസ്സഹമായിരുന്നു. വാഹനങ്ങൾ കുഴിയിൽച്ചാടി അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. ഗതാഗത തടസ്സവും നിത്യകാഴ്ചയായിരുന്നു. റോഡോരം ഇടിഞ്ഞും കലുങ്കുകൾ തകർന്നും ചെളിക്കുളമായും കിടക്കുകയായിരുന്നു. ബസ്സുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന ജില്ലയിലെ പ്രധാന പാതയിലെ ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നായിരുന്നു പൗരസമിതിയുടെ ആവശ്യം. താല്കാലികമായി കുഴികൾ എങ്കിലും അടച്ചില്ലെങ്കിൽ ജനകീയ ഉപരോധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പൗരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. പനമരം ചെറിയ പാലത്തിൻ്റെ ശോചനീയാവസ്ഥ ഉൾപ്പെയുള്ള ഒട്ടേറെ സമരങ്ങൾ മുമ്പും പൗരസമിതി നടത്തി വിജയം കണ്ടിട്ടുണ്ട്. ‘ കരയുന്ന കുട്ടിക്കെ പാലുള്ളു’ എന്ന് പറയുന്നതുപോലെ പ്രതിഷേധം വന്നാലെ നന്നാക്കു എന്ന പ്രവണത ബന്ധപ്പെട്ടർ തിരുത്താൻ തയ്യാറവണമെന്ന് പനമരം പൗരസമിതി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാഖ് സി. പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, വിജയൻ മുതുകാട്, ടി. ഖാലിദ്, എം.ഡി. പത്മരാജൻ, മൂസ്സ കൂളിവയൽ, ടി. അജ്മൽ, പി.എൻ. അനിൽകുമാർ, ടി.പി. സുരേഷ് കുമാർ, സജി എക്സൽ, സജീവൻ ചെറുകാട്ടൂർ, പി. ജലീൽ, കെ. സുലൈമാൻ, സത്യൻ കാളിന്ദി, അസീസ് പൊന്നാന്തിരി എന്നിവർ സംസാരിച്ചു.