ദീര്‍ഘനേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്ത ശേഷം എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തലകറക്കം അനുഭവപ്പെടാറുണ്ട്. ഈ തലകറക്കം അല്ലെങ്കില്‍ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെയുള്ള തോന്നല്‍ ഉണ്ടാകാറുണ്ടോ? ഇത് രക്തസമ്മര്‍ദ്ദം കുറയുന്നത് മൂലമാകാമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്ഓര്‍ത്തോസ്റ്റാറ്റിക് ഹൈപ്പോടെന്‍ഷന്‍ അല്ലെങ്കില്‍ പോസ്ചറല്‍ ഹൈപ്പോടെന്‍ഷന്‍ എന്ന് അറിയപ്പെടുന്നു. ഒരാള്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം കുറയുന്നു. ഈ അവസ്ഥ ഇരിക്കുകയോ, കിടക്കുകയോ ചെയ്യുമ്പോള്‍ ശരീരത്തിന് അസ്വസ്ഥതകളോ പ്രശ്‌നങ്ങളോ ഉണ്ടാക്കില്ലെങ്കിലും പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദം കുറയുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്യുന്നു.
തലകറക്കം സാധാരണ പ്രായമായവരിലും, നിര്‍ജ്ജലീകരണം അനുഭവപ്പെടുന്നവരിലും, ചില മരുന്നുകള്‍ കഴിക്കുന്നവരിലുമാണ് കൂടുതലായി കണ്ടുവരുന്നത്. തലകറക്കം, കാഴ്ച്ചയില്‍ മങ്ങല്‍ എന്നിവയ്ക്ക് പുറമെ ബലഹീനത, ക്ഷീണം പോലുള്ള മറ്റ് പ്രശ്‌നങ്ങളും അനുഭവപ്പെടാം. പെട്ടെന്ന് രക്തസമ്മര്‍ദം കുറയുന്നത് തലച്ചോറിലേക്കുള്ള രക്തത്തിന്റെയും, ഓക്‌സിജന്റെയും അളവ് കുറയാന്‍ കാരണമാകുന്നു. ഇത് തലകറക്കം, ബോധക്ഷയം, ഓക്കാനം, ക്ഷീണം എന്നിവയിലേക്ക് നയിക്കുന്നു.
ചില ആളുകള്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറങ്ങുന്നത് പോലെ തോന്നാറുണ്ട്. ഒരാള്‍ ദീര്‍ഘനേരം കിടന്ന ശേഷം എഴുന്നേല്‍ക്കുമ്പോള്‍ തലച്ചോറിലേക്ക് പെട്ടെന്ന് രക്തപ്രവാഹം നടത്താന്‍ ശരീരത്തിന് കഴിയില്ല. ആ സമയം ശരീരത്തിന് മതിയായ അളവില്‍ രക്തം ലഭ്യമാകാത്തത് തലകറക്കത്തിന് കാരണമാകുന്നു.
ഇത്തരം അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകാറുണ്ടെങ്കിലും വ്യക്തികളുടെ ആരോഗ്യനിലയ്ക്കനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകും. ഹൃദയമിടിപ്പ് കൂട്ടി മസ്തിഷ്‌കത്തിലേക്ക് പെട്ടെന്ന് രക്തത്തെ എത്തിക്കാന്‍ ശരീരം പരമാവധി ശ്രമിക്കും. ഈ സമയത്ത് നമുക്ക് ഹൃദയമിടിപ്പ് വര്‍ധിച്ചതായി അനുഭവപ്പെടുന്നു.