ജില്ലയിലെ ഗതാഗത മേഖല സുഗമമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വെണ്ണിയോട് വലിയ പുഴയ്ക്കു കുറുകെ പൊതുമരാമത്ത് വകുപ്പ് 8.12 കോടി രൂപ ചെലവിലാണ് കല്ലട്ടി പാലം നിർമ്മിക്കുന്നത്. 78.5 മീറ്റർ നീളത്തിലും ഇരു ഭാഗങ്ങളിലും നടപ്പാതയോട് കൂടി 11 മീറ്റർ വീതിയിലുമാണ് നിർമ്മാണം പൂർത്തീകരിക്കുക.
പൈൽ ഫൗണ്ടേഷൻ നൽകി പാലത്തിന്റെ അടിത്തറ നിർമ്മാണം പൂർത്തീകരിക്കും.
പാലങ്ങൾ ഒരു നാടിന്റെ വികാരമാണെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നാല് വർഷത്തിനിടയിൽ 150 പാലങ്ങൾ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ 257 കിലോമീറ്റർ റോഡുകൾ ഉയർന്ന ഗുണനിലവാരമുള്ള ബിഎം & ബിസി റോഡുകളാക്കി ഉയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടി സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്‌ണൻ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അബ്ദുറഹ്മാൻ, സൂപ്രണ്ടിങ് എൻജിനീയർ ഇ ജെ വിശ്വപ്രകാശ്, എക്സിക്യൂട്ടിവ് എൻജിനീയർ സി എസ് അജിത്ത്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ ബി നിത, കോട്ടത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.