മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു.
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ രാപ്പകലില്ലാതെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകളിലും കളക്ഷൻ സെൻ്ററുകളിലും സേവനം ചെയ്യാൻ തൊഴിൽ മാറ്റിവെച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുകയും ചെയ്‌തു. പക്ഷെ, സമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചുമട്ടുതൊഴിലാളികളെ പല സന്ദർഭങ്ങളിലും മോശമായ രീതിയിലാണ് ചിത്രീകരിച്ചു കാണുന്നത്, രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
കൽപ്പറ്റ ജില്ലാ വ്യാപാരഭവനിൽ നടന്ന പരിപാടിയിൽ ബോർഡ് വയനാട് ജില്ലാ കമ്മിറ്റി ചെയർമാൻ സി വിനോദ് കുമാർ അധ്യക്ഷനായി. ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ ശ്രീലാൽ, സെക്രട്ടറി ആർ ഹരികുമാർ, ഫിനാൻസ് ഓഫീസർ ടി എൻ മുഹമ്മദ് ഷെഫീഖ്, സംസ്ഥാന ബോർഡ് അംഗങ്ങളായ സി നാസർ, വല്ലാഞ്ചിറ അബ്ദുൾ മജീദ്, വേലു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ രാമചന്ദ്രൻ, കെ ഉസ്മാൻ, സി മൊയ്തീൻകുട്ടി, യു എ ഖാദർ, ഇ ഹൈദ്രു, പി പ്രസന്നകുമാർ, പി കെ അബൂബക്കർ എന്നിവർ പങ്കെടുത്തു.