മലപ്പുറം: ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പറന്നിറങ്ങും. ഇതോടെ മലബാറിന്‍റെ വാണിജ്യ വ്യവസായ രംഗങ്ങളിലും പുത്തനുണര്‍വ് പ്രകടമാകും.
2020 ആഗസ്റ്റ് എട്ടിനുണ്ടായ കരിപ്പൂര്‍ വിമാന അപകടമാണ് മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകുളെ തളര്‍ത്തിയത്. വിമാനത്താവളത്തിന്‍റെ റണ്‍വേ എന്‍ഡ് സുരക്ഷ ഏരിയ(runway end safety area-റെസ) ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്നും ആഭ്യന്തര വിമാനത്താവളമായി ചുരുങ്ങേണ്ടി വരുമെന്നുമുള്ള ആശങ്ക പടര്‍ന്നു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുപോയി.