2024 ജൂലൈ 30. അന്ന് പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾ പൊട്ടിയ ദുരന്തത്തിൽ ഉള്ളുലഞ്ഞ ലക്ഷക്കണക്കിന് ആളുകളിൽ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ സുധാകരൻ (പേര് യഥാർത്ഥമല്ല).
വാർത്തകളിലൂടെ ദിവസങ്ങൾ പിന്നിടുമ്പോൾ ആ 45-കാരന്റെ നീറ്റൽ കൂടി. ദുരന്തത്തിൽ ഏഴ് കുട്ടികൾക്ക് അച്ഛനും അമ്മയും ഒരുപോലെ നഷ്ടമായി എന്നറിഞ്ഞപ്പോളായിരുന്നു അത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട സുധാകരന് അത് തീരാ നൊമ്പരമായി.
എന്തെങ്കിലും ചെയ്യണമെന്ന് അയാൾ തീർച്ചപ്പെടുത്തി. സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഭാര്യയോടും വിദ്യാർത്ഥിയായ മകനോടും പറഞ്ഞപ്പോൾ അവർക്ക് നൂറു വട്ടം സമ്മതം. കാറിന്റെ പ്രതിമാസ ലോൺ അടവ് ആയിടെ അവസാനിച്ചതിനാൽ ആ പണം വയനാട്ടിലെ കുട്ടികൾക്ക് നൽകാമെന്ന് തീരുമാനിച്ചു.
സുധാകരൻ ഇന്റർനെറ്റിൽ നിന്ന് വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു. “അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏഴ് മക്കളിൽ മൂന്ന് പെൺകുട്ടികൾ ഉണ്ടല്ലോ. അവർക്ക് എല്ലാ മാസവും 2000 രൂപ വീതം ഞാൻ നൽകാം. എന്റെ പേരുവിവരങ്ങൾ കുട്ടികളോ മറ്റാരെങ്കിലുമോ അറിയരുത്”.
10ാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള, ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സുധാകരൻ ജീവിതത്തിൽ ഒരിക്കൽ പോലും വയനാട് കണ്ടിട്ടില്ല. അയാൾക്ക് അവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. സാധാരണക്കാരനായ അയാൾക്ക് വലിയ സമ്പാദ്യവുമില്ല. പക്ഷെ, അതൊന്നും തന്നെ അയാളെ പിന്തിരിപ്പിച്ചില്ല. “എനിയ്ക്ക് ആരോഗ്യമുള്ള കാലത്തോളം ഞാൻ അധ്വാനിച്ചു ജീവിക്കും. കുട്ടികളുടെ കാര്യം നന്നായി നടക്കണം. നാലാം ക്ലാസിൽ അച്ഛൻ മരിച്ച എനിയ്ക്ക് പിതാവിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് ഒരു കുട്ടിയും വിഷമിക്കാൻ പാടില്ല,” സുധാകരൻ പറഞ്ഞു.
2024 നവംബർ മുതൽ ഓരോ മാസവും അയാൾ മൂന്ന് പെൺകുട്ടികൾക്കായി ആകെ 6000 രൂപ സർക്കാർ മുഖേന നൽകി വരുന്നു. 14, 8, 5 വയസുള്ള പെൺകുട്ടികൾക്കാണ് ഈ സഹായം. എല്ലാ മാസവും വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ വിളിച്ചു സുധാകരൻ കുട്ടികളുടെ കാര്യം തിരക്കുന്നു. “അവർ പഠിച്ചു ഒരു ജോലി ആകുന്നത് വരെ സഹായം തുടരണം എന്നാണ് ആഗ്രഹം. എനിയ്ക്കവരെ കാണുകയോ സംസാരിക്കുകയോ ഒന്നും വേണ്ട. അവർ സുഖമായി ഇരുന്നാൽ മതി,” കാരുണ്യത്തിന്റെ ഇമ്പമേറിയ ശബ്ദത്തിൽ സുധാകരൻ പറഞ്ഞു നിർത്തി.
2018 ൽ മലപ്പുറം കവളപ്പാറയിൽ പ്രകൃതി ദുരന്തമുണ്ടായപ്പോഴും അവശ്യ സാധനങ്ങളുമായി സുധാകരൻ എത്തിയിരുന്നു.
*മാലാഖയായി റിട്ട. ഡീൻ*
പാലക്കാട് നിന്നെന്ന പോലെ മറ്റൊരു സ്നേഹപ്രവാഹം വയനാട്ടിലേക്ക് ഒഴുകുന്നത്
ബംഗ്ലൂരുവിൽ നിന്നാണ്. അവിടെ പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് ഡീനായി വിരമിച്ച തൃശൂർ സ്വദേശിനിയാണ് കുട്ടികളെ ചേർത്തുപിടിക്കുന്നത്.
അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികൾക്ക് അവർ പ്രതിമാസം 4000 രൂപ വെച്ച് ആകെ 8000 രൂപ നൽകുന്നു. 2024 ഓഗസ്റ്റിൽ തുടങ്ങിയ സഹായം മുടക്കമില്ലാതെ തുടരുന്നു. “ദുരന്തം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമല്ലോ. കുട്ടികൾ നന്നായി ഇരിക്കണം. നന്നായി പഠിച്ചു, സന്തോഷത്തോടെ മുന്നോട്ടു പോകണം. മറ്റൊന്നും വേണ്ടതില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അവർ പറഞ്ഞു.
ഏഴു കുട്ടികളിൽ അടുത്തിടെ 18 വയസ് തികഞ്ഞ രണ്ടുപേരെ മാറ്റിനിർത്തിയാൽ ബാക്കി അഞ്ചു കുട്ടികളും അടുത്ത ബന്ധുക്കളുടെ കൂടെ സംസ്ഥാന സർക്കാരിന്റെ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിയിലാണ്.
അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ടവർക്ക് 5 ലക്ഷം രൂപയും സർക്കാർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. 19 കുട്ടികൾക്ക് കേന്ദ്രസർക്കാറിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിൽ പ്രതിമാസം 4000 രൂപ ലഭിക്കുന്നു. ഇതിന് പുറമെ മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാർ മുഖാന്തിരം 31.24 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
ഇതിന് പുറമെയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ രണ്ട് വ്യക്തികളുടെ സഹായം.