ജില്ലയിലെ റിസോര്ട്ട് – ഹോം സ്റ്റേകളില് ഏര്പ്പെടുത്തിയ നിരോധനം പിന്വലിച്ച് ജില്ലാ കളക്ടര് ഡി.ആര് മേഘശ്രീ ഉത്തരവിട്ടു. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാല്, തിരുനെല്ലി, തൊണ്ടര്നാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ റിസോര്ട്ടുകള്, ഹോം സ്റ്റേകള് തുറന്നു പ്രവര്ത്തിക്കാം. മുണ്ടക്കൈ – ചൂരല്മല ദുരന്ത പ്രദേശത്തെ നോ ഗോ സോണ് മേഖലയില് ഏര്പ്പെടുത്തിയ നിയന്ത്രണം പിന്വലിച്ചു. തവിഞ്ഞാല് ഗ്രാമപഞ്ചായത്തിലെ മക്കിമല, കമ്പമല മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൊള്ളായിരംകണ്ടിയിലെ റിസോര്ട്ടുകള്, ഹോം സ്റ്റേകള്ക്ക് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സണ് കൂടിയായ ജില്ലാ കളക്ടര് അറിയിച്ചു.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.