രണ്ടെണ്ണം അടിക്കണമെന്ന് ആലോചിച്ച് മദ്യപിക്കാന്‍ തുടങ്ങും എന്നാല്‍ രണ്ട് കഴിഞ്ഞ് മൂന്നും നാലും അഞ്ചും കടന്ന് ഒരു കുപ്പി മുഴുവന്‍ കാലിയാക്കുന്ന വിരുതന്മാരും കുറവല്ല. പക്ഷേ ഒരു കാര്യം ഓര്‍ത്തോളൂ. ഇങ്ങനെ കുടിച്ചു കുടിച്ച് പാവം കരളിന് പണി വാങ്ങി കൊടുത്തേക്കല്ലേ.
മദ്യപിക്കുമ്പോള്‍ കരളിന് എന്താണ് സംഭവിക്കുന്നതെന്നറിയാമോ?
കരള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. കരള്‍ ഇല്ലാതെ ഒരാള്‍ക്ക് ജീവിക്കുവാന്‍ കഴിയില്ല. ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉണ്ടാക്കുക, കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നിവയെ ഊര്‍ജ്ജമാക്കി മാറ്റുക, മദ്യം, ഭക്ഷണം, മരുന്നുകള്‍ ഒക്കെ ദഹിപ്പിക്കുമ്പോള്‍ കുടലില്‍ ഉണ്ടാകുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുക, രോഗങ്ങളെ ചെറുക്കുക, അണുബാധ തടയുക, വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക അങ്ങനെ കരള്‍ ചെയ്യുന്ന ജോലികള്‍ ചില്ലറയല്ല.
Image
പക്ഷേ മദ്യം കരളിന് നേരിട്ട് വിഷമാണ്. നിങ്ങള്‍ എത്ര മദ്യം കഴിച്ചാലും കരളിന് അതില്‍ ഒരു ഭാഗം മാത്രമേ സംസ്‌കരിക്കാന്‍ കഴിയൂ. അമിതമായി മദ്യപിക്കുമ്പോള്‍ കരള്‍ മദ്യത്തെ വിഘടിപ്പിക്കുന്നു. അത് അസറ്റാള്‍ഡിഹൈഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഇത് ഡിഎന്‍എയെ നശിപ്പിക്കുകയും ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് കാന്‍സറുകളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നതും.
ഓക്‌സിജനും മദ്യവും
ശരീരത്തിന്റെ അകത്തേക്ക് ചെല്ലുന്ന മദ്യത്തെ നിര്‍വീര്യമാക്കാന്‍ ഓക്‌സിജന്‍ വളരെ അത്യാവശ്യമാണ്. ഈ ഓക്‌സിജന്‍ കരളാണ് നല്‍കുന്നത്. അമിതമായി മദ്യപിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകടം കരള്‍ ഓക്‌സിജന്‍ നല്‍കാന്‍ പാടുപെടും. അതുകൊണ്ടുതന്നെ കരളിന്റെ ജോലിഭാരം കൂടും.
തുടര്‍ച്ചയായും അമിതമായും മദ്യപിച്ചാല്‍
വര്‍ഷങ്ങളോളും തുടര്‍ച്ചയായും അമിതമായും മദ്യപിച്ചാല്‍ കരളിന് കേടുപാടുകള്‍ ഉണ്ടാകും. കരള്‍ ക്യാന്‍സര്‍, മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങള്‍, സിറോസിസ് എന്നിവയ്ക്ക് കാരണമാകും. കരളിനുണ്ടാകുന്ന അര്‍ബുദം അപകടാവസ്ഥയില്‍ എത്തുന്നതുവരെ പലപ്പോഴും ലക്ഷണങ്ങള്‍ കാണാറില്ല. മദ്യം മൂലമുണ്ടാകുന്ന കരള്‍ രോഗം ലിവര്‍ സിറോസിസ് ഉണ്ടാകുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ അമിതമായുള്ള മദ്യപാനം ഓരോ വ്യക്തിയേയും അപകടത്തിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല.