അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിൻ്റെയും ജില്ലാ യുവ ജാഗരൺ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാരത്തോൺ.
സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 2030 ഓടെ സമൂഹത്തിൽ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക, എച്ച്ഐവി ബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, എച്ച്ഐവി ബാധിതരെ മാറ്റി നിർത്തുന്ന പ്രവണത അവസാനിപ്പിക്കുകയും സാമൂഹിക പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നിവയാണ് ബോധവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിലെ വിവിധ കോളജുകളിൽ നിന്നുള്ള 122 വിദ്യാർത്ഥികൾ പങ്കെടുത്ത മാരത്തോൺ മുട്ടിൽ ബസ് സ്റ്റാൻറ്റിൽ ജില്ലാ ടിബി, എച്ച്ഐവി ഓഫീസർ ഡോ. പ്രിയ സേനൻ ഫ്ലാഗ് ഓഫ് ചെയ്തു. മത്സരത്തിൻ്റെ സമ്മാന വിതരണം കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു.
കൽപ്പറ്റ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ എ പി മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ടിബി ,എച്ച്ഐവി ഓഫീസർ ഡോ. പ്രിയ സേനൻ ബോധവത്കരണ പ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി എം ഫസൽ, കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ് പി കെ സലീം, ജില്ലാ ടിബി ആൻ്റ് എച്ച്ഐവി കോർഡിനേറ്റർ വി ജെ ജോൺസൺ, യുവജാഗരൺ ജില്ലാ കോഡിനേറ്റർ കെ വിനീത, നോഡൽ ഓഫീസർമാരായ കെ ടി സ്മിനി മോൾ, എം മുഹമ്മദ് ആഷിഫ് എന്നിവർ സംസാരിച്ചു.
മാരത്തോൺ വനിതാ വിഭാഗത്തിൽ കൽപ്പറ്റ എൻഎംഎസ്എം ഗവൺമെൻ്റ് കോളജിലെ പി ജോമോൾ ഒന്നാം സ്ഥാനവും നിവേദിത സജി രണ്ടാം സ്ഥാനവും പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ എം വി നയന, മാനന്തവാടി മേരി മാത കോളജിലെ അഭിയ ജോർജ് എന്നിവർ മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ സുൽത്താൻ ബത്തേരി അൽഫോൻസ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എം രമേഷ് ഒന്നാം സ്ഥാനവും, ഇ എസ് നന്ദ കിഷോർ രണ്ടാം സ്ഥാനവും കൽപ്പറ്റ എൻഎംഎസ്എം ഗവൺമെൻ്റ് കോളജിലെ അഭിലാഷ് ശ്രീജിത്ത് മൂന്നാം സ്ഥാനവും നേടി.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് യഥാക്രമം 5000, 4000, 3000 രൂപയുടെ ക്യാഷ് അവാർഡുകളും മത്സരാർത്ഥികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ച ടീമുകൾ ആഗസ്റ്റ് 11ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല റെഡ് റൺ മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.