ഡൽഹി: വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ പരസ്പര സമ്മതത്തോടെ സംഭവിച്ച ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. വിവാഹവാഗ്ദാനം തന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധമുണ്ടായതെന്ന് പെൺകുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെതിരെയുളള കേസിലാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ബലാത്സംഗം നടന്നതായി ഫോറൻസിക്ക് തെളിവുകളില്ല, പതിനഞ്ച് വയസ് പ്രായമുള്ളപ്പോൾ പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെയാണ് ശാരീരിക ബന്ധം ഉണ്ടായത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷം, പ്രായപൂർത്തിയായപ്പോഴാണ് പരാതി നൽകുന്നത്. യുവാവും പ്രായപൂർത്തിയായപ്പോഴാണ് വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറുന്നത്. ഇതേ തുടർന്ന് നൽകിയ പരാതിയിൽ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് കോടതി റദ്ദാക്കി.