സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പഠിതാവ് പി പി സജീവന് ചോദ്യപേപ്പര്‍ നല്‍കി നിര്‍വഹിച്ചു.
ആദ്യ ദിനത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളുടെ പരീക്ഷകളായിരുന്നു. രണ്ടാം ദിനമായ ഞായറാഴ്ച സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലെ പരീക്ഷകൾ നടക്കും. ഡയറ്റിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 15നകം മൂല്യനിര്‍ണയം പൂർത്തിയാക്കി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. തുടർന്ന് വിജയികൾക്ക് ഈ വര്‍ഷത്തെ പത്താംതരം തുല്യതാ കോഴ്സ് രജിസ്‌ട്രേഷനുള്ള അവസരവും ലഭിക്കും.
മുള്ളന്‍കൊല്ലി പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ 72 വയസുകാരന്‍ നടരാജനാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്. തോണിച്ചാല്‍ എമ്മാവൂസ് സ്‍പെഷ്യൽ സ്‌ക്കൂളിൽ പരീക്ഷാ എഴുതുന്ന 16 വയസുകാരനായ ഐഇഡി പഠിതാവ് സോബിന്‍ സിജി, മുള്ളന്‍കൊല്ലി പരീക്ഷ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്ന ഐഇഡി പഠിതാവ് 16 വയസുകാരന്‍ അര്‍ജ്ജുന്‍ എന്നിവരാണ് ജില്ലയിലെ പ്രായം കുറഞ്ഞ പഠിതാക്കള്‍.
സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍, ഹെഡ്മിസ്ട്രസ് ജി ലീന, തുല്യതാ വിഭാഗം സ്റ്റാഫ് പി വി ജാഫര്‍, ഇന്‍വിജിലേറ്ററായ നോഡല്‍ പ്രേരക് ഗ്ലാഡിസ് കെ പോള്‍, പ്രേരക്മാരായ എം പുഷ്പലത, പി വി അനിത, വി പി മഞ്ജുഷ, കെ ജി വിജയകുമാരി, പി പ്രഭാവതി, എന്‍ പി സക്കീന തുടങ്ങിയവര്‍ നേതൃത്വം നൽകി.