-ജില്ലയിൽ 79,158 വിദ്യാർത്ഥികൾക്കാണ് പരിഷ്കരിച്ച ഉച്ചഭക്ഷണം ലഭിക്കുന്നത്
പരിഷ്ക്കരിച്ച സ്കൂൾ
ഉച്ച ഭക്ഷണ മെനുവിൽ ഹാപ്പിയാണ് കൽപ്പറ്റ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വിഭവ സമൃദ്ധവും പോഷകസമൃദ്ധവുമായ വിഭവങ്ങളൊരുക്കുന്നതിന്റെ ഭാഗമായി
കല്പറ്റ സ്കൂളിൽ മൂന്ന് തരം കറികളും ഉപ്പേരിയുമാണ് നൽകുന്നത്. ഇതിന് പുറമെ, ആഴ്ചയിൽ ഒരു ദിവസം തേങ്ങാ ചോറും ഫ്രൈഡ് റൈസും തക്കാളി ചോറും. തിങ്കളാഴ്ച്ച രാവിലെ ക്ലാസ്സ് തുടങ്ങുന്നതിന് മുൻപ് കുട്ടികൾക്ക് തിളപ്പിച്ച പാൽ നൽകും. ഉച്ചയ്ക്ക് ചോറിന് സാമ്പാർ, ബീറ്റ്റൂട്ട് ഉപ്പേരി, എരിശ്ശേരി എന്നിവ.
ചൊവ്വാഴ്ച്ച തേങ്ങാ ചോറും പൊതിന ചമ്മന്തിയും പച്ചടിയും. ബുധനാഴ്ച രാവിലെ തിളപ്പിച്ച പാലും ഉച്ചയ്ക്ക് ചോറും വൻപയർ- ചേനകറിയും കാബേജ് തോരനും അവിയലും. വ്യാഴാഴ്ച്ച കുട്ടികൾക്ക് കൂടുതൽ ഇഷ്ടമുള്ള മുട്ട ഫ്രൈഡ് റൈസും ചമ്മന്തിയും കിച്ചടിയും ഉള്ളി കിഴങ്ങ് മസാല വരട്ടിയതും. വെള്ളിയാഴ്ച്ച തക്കാളി ചോറും കൂട്ടുകറിയും മുട്ടറോസ്റ്റ് അല്ലെങ്കിൽ അവിയലും വൻപയറും മത്തൻ കറിയും.
പുതുക്കിയ മെനു കാരണം വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തോട് കൂടുതൽ താൽപ്പര്യം കാണിക്കുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. “എഗ്ഗ് ഫ്രൈഡ് റൈസും തേങ്ങാ ചോറുമാണ് കുട്ടികൾക്കിടയിൽ ഹിറ്റ്,” സ്കൂളിലെ ഒരു അധ്യാപിക പറഞ്ഞു.
വാട്ടർ പ്യൂരിഫയറിലെ വെള്ളമോ കഞ്ഞിവെള്ളമോ ചൂടുവെള്ളമോ ആണ് കുട്ടികൾക്കു കുടിക്കാൻ നൽകുന്നത്.
ജില്ലയിൽ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 289 സ്കൂളുകളിലായി 79,158 കുട്ടികൾക്കാണ് പരിഷ്കരിച്ച ഉച്ചഭക്ഷണം ലഭിക്കുന്നത്.
പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ട വീതവും (പുഴുങ്ങി മാത്രം) ആഴ്ചയിൽ 2 പ്രാവശ്യം 150 മില്ലി ലിറ്റർ തിളപ്പിച്ച പാലും നൽകുന്നു. മുട്ട കഴിക്കാത്ത കുട്ടികൾക്ക് നേന്ത്രപ്പഴം നൽകും.