കാവുംമന്ദം: മുലയൂട്ടലിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിനും അതിലൂടെ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ഓഗസ്റ്റ് 1 മുതൽ 7 വരെ നടക്കുന്ന ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് തരിയോട് പഞ്ചായത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ജെ പി എച്ച് എൻ മൈമൂന ആക്കൻ മുലയൂട്ടലിന്റെ പ്രാധാന്യം സംബന്ധിച്ച് ക്ലാസ് എടുത്തു. നല്ല ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിന് ഏറ്റവും ചിലവ് കുറഞ്ഞതും ഫലപ്രദമായ ഇടപെടലുകളിൽ ഒന്നാണ് മുലയൂട്ടൽ എന്ന് ബോധ്യപ്പെടുത്തുന്ന ക്ലാസുകളും മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടി ക്വിസ് പരിപാടിയും ഇതിൻറെ ഭാഗമായി നടന്നു. മുലയൂട്ടലിന് മുൻഗണന നൽകുക, സുസ്ഥിര പിന്തുണ സംവിധാനം സൃഷ്ടിക്കുക എന്നതാണ് ഈ വർഷത്തെ മുലയൂട്ടൽ വാരാചരണത്തിന്റെ സന്ദേശം. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുന നവീൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രാധ പുലിക്കോട് സ്വാഗതവും ഐ സി ഡി എസ് സൂപ്പർ വൈസർ ജിഷ എൻ ജി നന്ദിയും പറഞ്ഞു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു.
ഫോട്ടോ ക്യാപ്ഷൻ
ലോക മുലയൂട്ടൽ ദിന സെമിനാറിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിലെ വിജയികൾക്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി സമ്മാനദാനം നിർവഹിച്ചു.