ഭർത്താവിനെ ചെവിയിൽ വിഷം ഒഴിച്ച് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയിൽ. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. ഭർത്താവ് സമ്പത്തിനെ ഭാര്യ രമാദേവിയും കാമുകൻ കരേ രാജയ്യ, അദ്ദേഹത്തിന്റെ സുഹൃത്ത് ശ്രീനിവാസ് എന്നിവർ ചേർന്നാണ് കൊലപ്പെടുത്തിയത്.
പ്രദേശത്തെ ലൈബ്രറിയിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന സമ്പത്ത് സ്ഥിരം മദ്യപാനിയാണെന്നും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും രമാദേവി പറഞ്ഞതായി പൊലീസ് അറിയിച്ചു . രമാദേവിക്ക് ഈ ബന്ധത്തിൽ നിന്നും പുറത്തുകടക്കണമെന്നായിരുന്നു ആഗ്രഹം. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ് 50 കാരനായ രാജയ്യയുമായി യുവതി അടുക്കുന്നത്. സമ്പത്തിനെ ഇല്ലാതാക്കാൻ വഴികൾ തിരഞ്ഞാണ് രമാദേവി യൂ ട്യൂബിൽ വീഡിയോകൾ തിരഞ്ഞത്. കീടനാശിനി ചെവിയിൽ ഒഴിച്ച് ഒരാളെ കൊല്ലുന്ന രീതി ഇതിനിടയിൽ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം കാമുകനോട് പറഞ്ഞ് പദ്ധതി ആസൂത്രണം ചെയ്തു.
രാജയ്യയും സുഹൃത്തും ചേർന്ന് സമ്പത്തിനെ മദ്യം നൽകി മയക്കി. പിന്നീട് ചെവിയിൽ കീടനാശിനി ഒഴിക്കുകയായിരുന്നു. അതേസസമയം സംശയം തോന്നാതിരിക്കാൻ രമാദേവി പിറ്റേന്ന് പൊലീസിൽ സമ്പത്തിനെ കാണാനില്ലെന്ന പരാതി നൽകി. മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയപ്പോൾ രമാദേവി പോസ്റ്റ്‌മോർട്ടം ചെയ്യരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ഇതാണ് സംശയം ഉയർത്തിയത്. കൂടാതെ മകൻ മരണത്തിൽ സംശയം ഉന്നയിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം കീടനാശിനി അകത്തു ചെന്നാണെന്നും വ്യക്തമായി. രമാദേവിയുടെ സെർച്ച് ഹിസ്റ്ററി, കോൾ റെക്കോർഡുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പൊലീസ് ശേഖരിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു.