കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ (9) ആണ് മരിച്ചത്. പനി മൂർച്ചിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് നില വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെയെത്തും മുൻപ് മരണം സംഭവിച്ചു. സംഭവത്തിൽ കുഞ്ഞിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്.