അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും ഡിസംബറില്‍ മെസി ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തയോടുള്ള പ്രതികരണമായി മന്ത്രി പറഞ്ഞു. അർജന്‍റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.നമ്പംബർ മാസത്തിൽ കേരളത്തിൽ വരുമെന്നാണ് സർക്കാരിനെ അറിയിച്ചത്. അര്‍ജന്‍റീന ടീമിനാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആ രീതിയിൽ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആദ്യത്തെ സ്പോൺസർ മാറിയപ്പോൾ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്പോൺസറോടും നവംബറിൽ വരുമെന്നാണ് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ അറിയിച്ചിട്ടുള്ളത്. താന്‍ സ്പെയിനിൽ പോയത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനെ കാണാൻ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് സ്പെയിനിലെ സ്പോർട്സ് കൗൺസിലുമായി ചർച്ചയ്ക്കാണ് പോയതെന്നും മന്ത്രി പറഞ്ഞു.