40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40 വയസില്‍ മനുഷ്യശരീരം ചില സ്വാഭാവിക മാറ്റങ്ങള്‍ക്ക് വിധേയമാകും. 20 കളിലും 30 കളിലും പിന്തുടര്‍ന്നുവന്ന ചില ശീലങ്ങള്‍ 40കളില്‍ എത്തുമ്പോള്‍ ശരീരത്തിന് അനുയോജ്യമല്ലാതാകും. അതുകൊണ്ടുതന്നെ ചില ശീലങ്ങളൊക്കെ ഉപേക്ഷിക്കേണ്ടതാണ്. മികച്ച ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി 40 വയസില്‍ നിര്‍ത്തേണ്ട ശീലങ്ങള്‍ ഏതൊക്കെയാണെന്നറിയാം..
ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍പോലും അവഗണിക്കുന്ന ശീലം നിര്‍ത്തുക
മിക്ക ആളുകള്‍ക്കും അസുഖം വന്നാല്‍ പറയുന്ന ഒരു കാര്യമാണ് ‘ ഓ ഇതോക്കെ ചെറിയ കാര്യമല്ലേ അങ്ങ് മാറിക്കോളും’ എന്ന് അല്ലേ?. എന്നാല്‍ ആ പറച്ചിലൊക്കെ നിര്‍ത്തേണ്ട കാലമായി കേട്ടോ? ചെറിയ ആരോഗ്യ കാര്യങ്ങള്‍ പോലും അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
40 വയസ്സുമുതല്‍ എല്ലാ വര്‍ഷവും ശാരീരിക പരിശോധനകള്‍ നടത്തുന്നത് ശീലമാക്കണം. രോഗ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നതിന് മുന്‍പ് ശാരീരിക പരിശോധനകള്‍ നടത്തുന്നതിലൂടെ ഡോക്ടര്‍മാര്‍ക്ക് മുന്‍കൂട്ടി രോഗങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം, കാന്‍സര്‍ പരിശോധനകള്‍ ഇവ നടത്തുന്നത് രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്താന്‍ സഹായിക്കുന്നു. രോഗം വഷളാകുന്നതിന് മുന്‍പ് പ്രാഥമിക ചികിത്സകള്‍ നല്‍കുന്നത് രോഗം വഷളാകാതെ അവ പരിഹരിക്കാന്‍ സഹായിക്കും.
ഉദാസീനമായ ജീവിതശൈലികള്‍ നിര്‍ത്തുക
ജോലിഭാരവും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും വര്‍ധിക്കുന്നതനുസരിച്ച് പലരും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറേയില്ല. ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നത് 40 വയസ്സുകടക്കുമ്പോള്‍ ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, സന്ധി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രായമായിവരുമ്പോള്‍ ശരീരത്തിന്റെ ഉപാപചയനിരക്ക് കുറയും. പേശികളുടെ ആരോഗ്യവും ഊര്‍ജ്ജനിലയും കുറഞ്ഞുവരുന്നു. ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുന്നതിന് വേണ്ടി ദൈനംദിന ശാരീരിക വ്യായാമങ്ങള്‍ ശീലമാക്കുക. നടത്തം, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ദൈനംദിന ശീലമാക്കണം.ഇവയൊക്കെ പേശികള്‍ക്ക് ബലം നല്‍കാനും അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താനും ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.