തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം നിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം, ജനകീയസൂത്രണം, സാക്ഷരത, കേരള മിഷൻ, വിജ്ഞാനകേരളം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുന്നത് സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തിലൂടെയാണെന്നും പെൺ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പല സംരംഭങ്ങളും ജില്ലയുടെ മുഖച്ഛായ മാറ്റിയെന്നും ജസ്റ്റിൻ ബേബി കൂട്ടിച്ചേർത്തു.
സിഡിഎസ് ചെയർപേഴ്സൺ പി സൗമിനി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എ എൻ സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ടി വത്സലകുമാരി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ എം സലീന, മുൻ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ഹരികുമാർ, തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി കെ ശങ്കരൻ, കാട്ടിക്കുളം കേരള ബാങ്ക് മാനേജർ ടി അനിൽകുമാർ, കാട്ടിക്കുളം ഗ്രാമീണ ബാങ്ക് മാനേജർ രഞ്ജിത്ത് കെ കൃഷ്ണൻ, സിഡിഎസ് ഉപസമിതി കൺവീനർ ജയന പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ കുടുംബശ്രീകളിലെ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.