ചെന്നലോട്: ഉള്ളിലുള്ള സർഗ്ഗ വാസനകളെ വേദിയിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് വിഭിന്ന ശേഷി കുട്ടികൾക്കുവേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘കൂടെ 2025’ വിഭിന്നശേഷി കലോത്സവം ഏറെ ഹൃദ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. ഫാ. ജോബി മുക്കാട്ടുകാവുങ്കൽ മുഖ്യാതിഥിയായി.
മനക്കരുത്ത് കൊണ്ടും സർഗ്ഗവാസനകൾ കൊണ്ടും വൈകല്യങ്ങളെ തോൽപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കലാപരിപാടികളാണ് കുട്ടികൾ കാഴ്ചവച്ചത്. ചെറുതും വലുതുമായ വൈകല്യങ്ങൾ ഉള്ള കുട്ടികളെ 4 ചുമരുകൾക്കുള്ളിൽ ഒതുക്കാതെ പുതിയ സാധ്യതകളിലേക്ക് അവരെ എത്തിക്കുമ്പോൾ ആണ് പല ചരിത്രങ്ങളും പിറക്കുന്നത് എന്ന് ഈ പരിപാടിയിലൂടെ ബോധ്യപ്പെട്ടു. വലിയ പിന്തുണയോടെ ഇവർക്ക് കൂട്ടായി നിന്ന രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ ഉൾപ്പെടുന്ന ഐസിഡിഎസ് ടീം, തരിയോട് പകൽവീട് ജീവനക്കാർ തുടങ്ങിയവരുടെ വലിയ പരിശ്രമമാണ് മനോഹരമായ അവതരണത്തിലേക്ക് ഇവരെ എത്തിച്ചത്. കുട്ടികൾക്ക് വേണ്ടി വിവിധ കലാ കായിക പരിപാടികളും നിരവധി സമ്മാനങ്ങളും ഭക്ഷണവും ഒരുക്കിയിരുന്നു. ആടിയും പാടിയും മനസ് നിറച്ച് പങ്കുവെക്കലിന്റെ കേക്കിന്റെ മധുരവും നുണഞ്ഞാണ് പരിപാടി അവസാനിച്ചത്. ആരോഗ്യ സേവനങ്ങളുമായി ആരോഗ്യവകുപ്പ് ജീവനക്കാരും പരിപാടിയുടെ ഭാഗമായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്‌വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ, ജിൻസി സെബാസ്റ്റ്യൻ, ജോമോൻ എംപി, ജെയിൻ സി ജോസഫ്,
കാവ്യാ വിശാഖ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻ ജി ജിഷ നന്ദിയും പറഞ്ഞു.