മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ കനിവ് സാന്ത്വന സ്പര്‍ശം മൊബൈല്‍ ആരോഗ്യ ക്ലിനിക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന പുരസ്‌കാരം. പൊതു ഇടങ്ങളില്‍ മൊബൈല്‍ ആരോഗ്യക്ലിനിക്ക് സേവനങ്ങള്‍ നല്‍കുകയും വയോജനങ്ങള്‍ക്ക് വിജ്ഞാനത്തിനും വിനോദത്തിനും ഹാപ്പിനസ്സ് കോര്‍ണര്‍ സജ്ജമാക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിനെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് സാന്ത്വന പരിചരണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2021 മുതല്‍ നടപ്പാക്കിയ പദ്ധതിയാണ് കനിവ് സഞ്ചരിക്കുന്ന ആതുരാലയം. ആരോഗ്യ സേവനം എല്ലാവരുടെയും വീട്ടുപടിക്കല്‍ എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. 60 വയസിന് മുകളില്‍ പ്രായമുള്ള രോഗികളുടെ വീടിനടുത്ത് സജ്ജീകരിക്കുന്ന ക്യാമ്പിലേക്ക് എല്ലാ മാസവും കനിവ് മൊബൈല്‍ ക്ലിനിക്ക് എത്തും. ഡോക്ടറും നഴ്‌സും ഫാര്‍മസിസ്റ്റുമുണ്ടാവും വാഹനത്തില്‍. രക്ത സമ്മര്‍ദം, പ്രമേഹം, തുടങ്ങിയ പ്രാഥമിക പരിശോധനകള്‍ക്ക് പുറമെ ആവശ്യമെങ്കില്‍ ഇസിജി പരിശോധിക്കും. പരിശോധനക്കും പരിചരണത്തിനും പുറമെ ഒരു മാസത്തേക്കുള്ള മരുന്നുകളും മൊബൈല്‍ ക്ലിനിക്കിലൂടെ നല്‍കുന്നുണ്ട്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 70 ഓളം ക്യാമ്പുകളിലായി 3500 ലധികം ആളുകള്‍ക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. 42 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. എല്ലാ മാസവും 100 കണക്കിന് ഗുണഭോക്താക്കളാണ് പദ്ധതിയുടെ ഭാഗമാകാന്‍ എത്തുന്നത്. ഓരോ രോഗിയുടെയും കൈയില്‍ അവരുടെ ചികിത്സയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകമുണ്ടാവും. ആരോഗ്യ സൂചികകള്‍ പുസ്തകത്തില്‍ രേഖപ്പെടുത്തും. അതത് പ്രദേശത്തെ ആശാവര്‍ക്കര്‍മാരാണ് രോഗികളെ മെഡിക്കല്‍ ക്യാമ്പിലേക്ക് എത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് അവാര്‍ഡ് നേട്ടത്തിന് അര്‍ഹരാക്കിയതെന്ന് മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്സിന്‍ ബേബി പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്ക്ക് ആയുര്‍വേദ ചികിത്സയും ഉറപ്പാക്കുന്നുണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. എടവക രണ്ടേനാലിലെ സാംഗ വായനശാലയില്‍ എല്ലാ ആഴ്ചയും ആയുഷ് ക്ലിനിക്കിലൂടെ മുതിര്‍ന്ന പൗരന്മാര്ക്ക് ആയുര്‍വേദ ഡോക്ടറുടെ സേവനം ഉറപ്പാക്കുന്നുണ്ട്. നിര്‍ദ്ധനരായ രോഗികള്‍ക്കും വയോധികര്‍ക്കും ഏറെ ആശ്വാസമണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കനിവ് ആതുര സേവനം.