തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വടുവന്‍ചാല്‍ ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലയിലെ പ്രഥമ വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ച് അതത് തദ്ദേശ സ്ഥാപന പരിധിയില്‍ വരും നാളുകളില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളില്‍ നിന്നും സ്വരൂപിക്കുക എന്നത് ലക്ഷ്യമിട്ടാണ് വികസന സദസ്സുകള്‍ സംഘടിപ്പിക്കുന്നത്.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന മുന്നേറ്റങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഐ അബ്ദുൾ ജലീല്‍ അവതരിപ്പിച്ചു.
ലൈഫ് പദ്ധതി, അതിദാരിദ്ര നിര്‍മാര്‍ജ്ജനം, മാലിന്യ സംസ്‌കരണം, വാതില്‍പ്പടി മാലിന്യ ശേഖരണം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍, പൊതുസ്ഥലത്ത് സ്ഥാപിച്ച ബിന്നുകള്‍, ബോട്ടില്‍ ബൂത്തുകള്‍ എന്നിവ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടപ്പിലാക്കിയതിന് അമ്പലവയല്‍ ഗ്രാമപഞ്ചായത്തിനാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ഗ്രാമപഞ്ചായത്തിന് കീഴിലെ മുഴുവന്‍ എല്‍പി സ്‌കൂളുകളിലെയും ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മാതൃകാ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ഡിജി കേരളം, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങൾ എന്നിവയിലും ഗ്രാമപഞ്ചായത്ത് ഏറെ മുന്നിലാണ്.
രണ്ട് പാലിയേറ്റീവ് യൂണിറ്റുകളുള്ള ജില്ലയിലെ ഏക ഗ്രാമപഞ്ചായത്താണ് അമ്പലവയൽ. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ മികച്ച പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ജില്ലയിലെ മികച്ച ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലാണ്.
വടുവന്‍ചാല്‍ ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് അധ്യക്ഷയായി. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷെമീര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ സത്താര്‍, ഗ്ലാഡിസ് സ്‌കറിയ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി സെനു, ഷീജ ബാബു, ജെസ്സി ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ കെ വിമല്‍രാജ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ എം ബിജേഷ്, റിസോഴ്‌സ് പേഴ്‌സണ്‍ എന്‍ കെ രാജന്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.