പുൽപ്പള്ളി മൂടകൊല്ലിയിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും വനംവകുപ്പ് പിടികൂടി. കൂടല്ലൂർ കല്ലിയാട്ടുകുന്നേൽ ദിനേശൻ കെ.ഡിയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഓടി രക്ഷപ്പെട്ടു.
ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിനേശന്റെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് വേട്ടയാടി കൊന്നതെന്ന് കരുതുന്ന കേഴമാനിന്റെ ജഡം കണ്ടെത്തിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കും തിരകളും പിടിച്ചെടുത്തു.
പരിശോധന നടക്കുന്നതിനിടെ ദിനേശനും കൂട്ടാളികളും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി വനംവകുപ്പ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നായാട്ട് സംഘങ്ങൾ സജീവമാകുന്നതായി നേരത്തെയും പരാതികളുയർന്നിരുന്നു. സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.