“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ നഗരത്തിൽ നടത്തി. ചടങ്ങ് എം.എൽ.എ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.വയനാട്
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ്, ജില്ലാ ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. പ്രഷീല കെ, എ.എം.എ.ഐ വയനാട് സെക്രട്ടറി ഡോ. രാജീഷ് എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ടന്റ് വിനോദ് എം എസ് ചടങ്ങിന് നന്ദി അർപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി കല്പറ്റ പോലീസ് സൂപ്രണ്ടന്റ് തപോഷ് ബസുമതാരി പതാകകാട്ടി ആരംഭിച്ച ആയുർവേദ പ്രചാരണ ജാഥയിൽ ആയുർവേദത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 400 ഓളം ആളുകൾ പങ്കെടുത്തു. സമാ പനസമ്മേളനത്തിന്റെ ഭാഗമായി യോഗ നൃത്താവിഷ്ക്കാരവും, നാടൻ പാട്ടും സംഘടിപ്പിച്ചു.
പത്താമത് ദേശീയ ആയുർവേദ ദിനം സെപ്റ്റംബർ 23-ന് “Ayurveda for People and Planet” എന്ന പ്രമേയവുമായി ആഘോഷിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, ഫുഡ് എക്സ്പോ, ഔഷധസസ്യ പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ നടന്നു.