ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ മറന്നുപോയത് വിമാനത്താവളത്തിൽ ആശയകുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് 148 യാത്രക്കാരുമായി ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യൻ സമയം 1.30 PM) വിമാനം പുറപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ വിമാനം ലാൻഡ് ചെയ്യുകയും ചെയ്തു.
ലഗേജിനായി യാത്രക്കാർ തടിച്ചുകൂടിയപ്പോഴാണ് ആശയക്കുഴപ്പമുണ്ടായത്. ഒരു ബാഗ് പോലും ഡൽഹിയിൽ എത്തിയിട്ടില്ലെന്ന് യാത്രക്കാർ കണ്ടെത്തി. പിന്നാലെ യാത്രക്കാരുടെ ലഗേജ് മുഴുവൻ ദുബായിൽ ആണെന്ന് അവർ തിരിച്ചറിഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ പ്രതിഷേധവും ആരംഭിച്ചു. ‘സ്പൈസ്ജെറ്റ് ഇന്നൊരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു. വെറും ഒരു മണിക്കൂർ വൈകിയതിന് പിന്നാലെ, അവർ യാത്രക്കാരുടെ ലഗേജ് ദുബായ് വിമാനത്താവളത്തിൽ മറന്നുവെച്ചിരിക്കുന്നു.’ യാത്രക്കാരിൽ ഒരാൾ പ്രതികരിച്ചു.