ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. ജേണല്‍ ഓഫ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതേക്കുറിച്ചുളള ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇങ്ങനെ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് രോഗികള്‍ക്ക് ആശ്വാസം ലഭിക്കാനും ചികിത്സയില്‍ പുരോഗതി ഉണ്ടാകാനും ജീവന്‍ രക്ഷിക്കാന്‍ പോലും സഹായിച്ചേക്കാം.
തല, കഴുത്ത് എന്നിവിടങ്ങളിലെ കാന്‍സറുകള്‍ക്ക് ഒരു പ്രധാന കാരണം ഹ്യുമന്‍ പാപ്പിലോമ (HPV) വൈറസാണ്. HPV-DeepSeek എന്ന ലിക്വിഡ് ബയോപ്‌സി പരിശോധനയാണ് ഗവേഷകര്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്
HPV യുമായി ബന്ധപ്പെട്ട് തലയിലും കഴുത്തിലും ഉണ്ടാകുന്ന കാന്‍സര്‍ കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കും. കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 10 വര്‍ഷം മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട കാന്‍സര്‍ കൃത്യമായി കണ്ടെത്താനാകുമെന്നാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഓട്ടോളറിംഗോളജി-ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി അസിസ്റ്റന്റ് പ്രൊഫ. ഡാനിയേല്‍ എല്‍ ഫാഡന്‍ പറയുന്നത്.
56 രക്ത സാമ്പിളുകളാണ് ഗവേഷകര്‍ പരിശോധിച്ചത്. കാന്‍സര്‍ ബാധിധരായ വ്യക്തികളില്‍നിന്ന് 28 സാമ്പിളുകളും, ആരോഗ്യമുള്ള ആളുകളില്‍നിന്ന് 28 സാമ്പിളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കാന്‍സര്‍ ബാധിച്ച 28 പേരില്‍നിന്ന് 22 രക്ത സാമ്പിളുകളിലും HPV ട്യൂമര്‍ ഡിഎന്‍എ കണ്ടെത്താന്‍ പരിശോധനയിലൂടെ കഴിഞ്ഞു. ബാക്കി സാമ്പിളുകളില്‍ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. രോഗനിര്‍ണയത്തിന് 7.8 വര്‍ഷംമുന്‍പ് എടുത്ത രക്ത സാമ്പിളുകളിലാണ് ആദ്യത്തെ പോസിറ്റീവ് ഫലം കണ്ടെത്തിയത്.