മാനന്തവാടി: പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കയ്യോടെ പൊക്കി മാനന്തവാടി പോലീസ്. കണ്ണൂർ, കണ്ണപുരം, മാറ്റാൻകീൽ തായലേപുരയിൽ എം.ടി. ഷബീറി(40)നെയാണ് പോലീസ് പിടികൂടിയത്. ഇയാൾ കണ്ണൂർ, കണ്ണപുരം സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതിയാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഷബീർ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. കൈയിൽ പണമില്ലാത്തതിനാൽ കിടക്കാൻ സ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജി.ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറായ മനു അഗസ്റ്റിൻ ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ കൈവശം പേഴ്‌സ് കാണുകയും ഇയാളുടെ ആധാർ കാർഡ് പരിശോധിക്കുകയും മേൽ അഡ്രസ് കണ്ണപുരം സ്റ്റേഷനിലേക്ക് വിളിച്ച് ഇയാളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തുടർന്നാണ്, ഇയാൾ കണ്ണപ്പുരത്ത് നിർമാണത്തിലിരിക്കുന്ന ബിൽഡിങ്ങിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് സാമഗ്രികൾ മോഷണം നടത്തിയ കേസിൽ പ്രതിയാണെന്നും സംഭവശേഷം ഒളിവിൽ പോയതാണെന്നും മനസിലായത്.
ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീക്കിന്റെ നേതൃത്വത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്ത് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് 13.10.2025 രാവിലെ കണ്ണപുരം പോലീസിന് കൈമാറി. സിപിഓ മാരായ ഷിന്റോ ജോസഫ്, എ.ബി ശ്രീജിത്ത് എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്നു.