തിരുവല്ല: വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗത വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്‍റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ വിഷൻ 2031 അവതരണം നടത്തുകയായിരുന്നു മന്ത്രി. 2031ൽ ഗതാഗത വകുപ്പിന്‍റെ പ്രവർത്തനം എങ്ങനെയാകണം എന്നതാണ് സെമിനാറിന്‍റെ ലക്ഷ്യം. വരുന്ന ഡിസംബറിൽ ആറുവരി ദേശീയ പാത പൂർത്തിയാകും. ഗതാഗത രംഗത്ത് വൻ മാറ്റം ഉണ്ടാകും.
2031ൽ ഗതാഗത വകുപ്പിൽ വൻ മാറ്റമുണ്ടാകും. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും. ഡ്രൈവിംഗ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കെല്ലാം ടാബ് നൽകും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകും. ഓഫീസിൽ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. സാമൂഹിക മാറ്റങ്ങൾ ഉൾകൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്.