പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി. അടൂർ -പെരിക്കല്ലൂർ റൂട്ടിൽ ഓടുന്ന സൂപ്പർഫാസ്റ്റ് സർവീസ് പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ആയി സർവീസ് തുടങ്ങി. അടൂരിൽ നിന്നും രാത്രി 8:15 pm ന് പുറപ്പെട്ട് 7:35 am ന് പെരിക്കല്ലൂർ എത്തി രാത്രി 7:30 pm
ന് പെരിക്കല്ലൂരിൽ നിന്നും പുറപ്പെട്ട് 7:05 am ന് അടൂരിൽ എത്തിച്ചേരും. പുതിയ ബസ് അനുവദിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയും, ഗതാഗത മന്ത്രി ഗണേഷ് കുമാറിനെയും പെരിക്കല്ലൂർ പൗരസമിതി അഭിനന്ദിച്ചു.
പെരിക്കല്ലൂരിൽ നിന്നും രാവിലെ 3-20 ന് പുറപ്പെട്ടിരുന്ന പാലാ -പൊൻകുന്നം ബസ്സും രാത്രി 9-30ന് പുറപ്പെട്ടിരുന്ന അടൂർ സൂപ്പർ ഡീലക്സ് ബസ്സും ഉടൻതന്നെ പുനരാരംഭിക്കാൻ വേണ്ട നടപടികൾ ഗതാഗത മന്ത്രിയും അധികൃതരും സ്വീകരിക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ഐക്യകണ്ഠേന ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡൻറ് ഗിരീഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ ഒന്നാം വാർഡ് മെമ്പർ കലേഷ് പി എസ് ഉദ്ഘാടനം നിർവഹിച്ചു. ബിജു ജോസഫ്, ജോണി പി കെ (വ്യാപാരി പ്രസിഡൻറ്), വിജി മാത്യു (ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധി), പൗരസമിതി ട്രഷറർ ഡാമിൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ബാബു എം സി, തങ്കച്ചൻ യൂസി, ജോസുകുട്ടി വിഇ, കിഷോർ ലൂയിസ്, അബ്ദുൽ റസാക്ക്, വിനോദ് ബാലൻ, മാത്തുക്കുട്ടി ജോർജ്, ഷിജു കുര്യാക്കോസ്, സജി എം ടി, സുധീർ പി കെ, മനോജ് ഉതുപ്പാൻ വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.