തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാൽ ജൂബിലിവയൽ സ്വദേശി മുഹമ്മദ് ഷിഫാൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.
തിരുവല്ല കുരിശുകവലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിഫാൻ. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിലേക്കാണ് ഷിഫാൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഇടിച്ചത്.
അപകടത്തെ തുടർന്ന് പരിക്കേറ്റ ഷിഫാനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും മറ്റ് രണ്ട് ആംബുലൻസുകളിലായാണ് ആശുപത്രികളിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഷിഫാനെ ആദ്യം തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും.