വികസന നേട്ട പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിലടക്കം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ വലിയ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് അവര്‍ പറഞ്ഞു. പഞ്ചായത്തിൽ ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലയളവിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 658 വീടുകൾ അനുവദിക്കുകയും 445 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. 400 കുടുംബങ്ങൾക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും 48 കുടുംബങ്ങൾക്ക് ശുചിമുറി നിർമ്മാണത്തിനും ധനസഹായം അനുവദിച്ചു. റോഡുകൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, റോഡ് നവീകരണം, കിണറുകൾ, കുടിവെള്ള പദ്ധതികൾ, നടപ്പാലം, കലുങ്കുകൾ, ഡ്രൈനേജുകൾ, സ്ട്രീറ്റ് ലൈറ്റ് മുതലായ പശ്ചാത്തല വികസന പദ്ധതികൾക്ക് 16.18 കോടി രൂപ ചെലവഴിച്ചു.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുമായി സംയോജിച്ച് പുൽപള്ളി ഗ്രാമ പഞ്ചായത്തിൽ സഞ്ചരിക്കുന്ന മൃഗാശുപത്രി സാധ്യമാക്കി. പനമരം ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് വാട്ടർ എ.ടി.എം സ്ഥാപിച്ചു. 5.90 കോടി ചെലവിൽ പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മിച്ചു. കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, എന്നിവർക്കായി അങ്കണവാടി കലോത്സവം, ഭിന്നശേഷി കലോത്സവം, വയോജന സംഗമം എന്നിവ സംഘടിപ്പിച്ചു. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വാർഡുകൾക്ക് പ്രത്യേക പരിഗണന നൽകി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ജീവിത – പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നഗാമു ഐരമു എന്ന പേരിലുള്ള പദ്ധതി മൂന്ന് വർഷമായി നടപ്പിലാക്കുന്നു.
ഹരിതകർമ്മ സേനയ്ക്ക് അജൈവ മാലിന്യനീക്കം സുഗമമാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോ, പിക്ക് അപ്പ് എന്നിവ വാങ്ങി. എം.സി.എഫിൽ ബെയിലിംങ് മെഷീൻ സ്ഥാപിച്ചു. ഭിന്നശേഷിക്കാർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുയും അർഹരായവർക്ക് ആവശ്യമായ സഹായോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വയോജനങ്ങൾക്ക് കട്ടിൽ, കമ്പിളി തുടങ്ങിയവ നൽകി. പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ശുദ്ധജല വിതരണം ഉറപ്പാക്കുന്നതിനായി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ അർഹരായ പുതിയ വിദ്യാർത്ഥികൾക്ക് ഓരോ വര്‍ഷവും ലാപ്‍ടോപ്പുകളും സ്കോളർഷിപ്പും നൽകുന്നു. അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ, ഫർണിച്ചർ, കിച്ചൻ സ്റ്റാൻഡ്, ഗ്യാസ് സ്റ്റൗ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവയും വിതരണം ചെയ്തു.
ഓപ്പൺ ഫോറത്തിൽ പഞ്ചായത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ചർച്ചയാണ് നടന്നത്. പൊതുസ്ഥലങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി വരികയാണെങ്കിലും, അവരുടെ വീടുകളിൽ ഭിന്നശേഷി സൗഹൃദടോയ്ലറ്റുകൾ, ഉപകരണങ്ങൾ, വഴിസൗകര്യം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതിനിധികൾ ഉന്നയിച്ചു. സ്ഥലപരിമിതിയുള്ള അങ്കണവാടികൾക്ക് ആവശ്യത്തിന് സ്ഥലം അനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും വേണമെന്നും അഭിപ്രായമുയര്‍ന്നു. കുട്ടികൾക്കായി പൊതുവായ കളിസ്ഥലം ഒരുക്കുകയും, സ്ഥിരമായ കൗൺസിലിംഗ് സംവിധാനമൊരുക്കുകയും ചെയ്യുന്നതിനൊപ്പം പഞ്ചായത്തിൽ ഒരു ബഡ്സ് സ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ജീവിതശൈലി രോഗങ്ങൾ തടയുന്നതിനായി ഓപ്പൺ ജിം, ഹരിത കർമ്മസേന അംഗങ്ങളുടെ കൂലി വർദ്ധനവ്, തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്ക് കൂടുതൽ ഫലപ്രദമായി വിനിയോഗിക്കുന്നതിനായി പ്രത്യേക പദ്ധതികൾ, കൃഷിസ്ഥലങ്ങളിൽ പൂർണമായ ജലസേചന സംവിധാനം, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരപദ്ധതി, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കർഷകർക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ, പാടശേഖരങ്ങളിലേക്ക് റോഡുകളുടെ നിര്‍മാണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും ചര്‍ച്ചയായി. കൂടുതൽ പ്രീ സ്കൂളുകൾ സ്ഥാപിക്കണമെന്നും, വിദ്യാലയങ്ങളിൽ കായിക പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും പഞ്ചായത്തിൽ പൊതുവായ ഇലക്ട്രിക് ശ്മശാനം ഒരുക്കമെന്നുമുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു.
പുൽപള്ളി ഗ്രാമപഞ്ചായത്ത് അംഗം ബാബു കണ്ടത്തിൻകര അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി ചാരുവേലിൽ, ഉഷ ടീച്ചർ, അനിൽ സി കുമാർ, ഇ.എം ആശ, ഉഷ സത്യൻ, സുശീല സുബ്രമണ്യൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം നിഖില പി ആന്റണി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ വിമൽ രാജ്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സി.ജെ വിൽസൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ ജയസുധ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവര്‍ പങ്കെടുത്തു.