എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് അറിയിച്ച് വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്കിലൂടെ സന്ദേശം വന്നിരുന്നു. ലിങ്ക് തുറന്നതോടെ യുവാവിന്റെ അക്കൗണ്ടിൽനിന്ന് 12,000 രൂപ നഷ്ടമായതായി സന്ദേശമെത്തിയപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്. തുടർന്ന് ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് നിരവധിപേർ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എം പരിവാഹന്റെ സന്ദേശം ഒരിക്കലും വാട്സാപ്പിൽ വരില്ലെന്നും എസ്എംഎസ് വഴി മാത്രമേ വരുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.








