കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്. ഇവരുടെ സ്വപ്നം തിരിച്ചുകൊണ്ടു വരുന്നതിനും സർക്കാർ ജോലിയിലേക്ക് ഇവരെ എത്തിക്കുന്നതിനും വേണ്ടി വലിയ ഒരു കാൽവെപ്പ് നടത്തുകയാണ് വിജയ ജ്യോതി എന്ന പേരിൽ വീട്ടമ്മമാർക്ക് വേണ്ടി ആരംഭിക്കുന്ന സൗജന്യ പി എസ് സി പരിശീലന പരിപാടിയിലൂടെ തരിയോട് ഗ്രാമപഞ്ചായത്ത്. പരിശീലന പരിപാടിയുടെ ഉദ്ഘാടന കർമ്മം കാവുംമന്ദം കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിരവധി വീട്ടമ്മമാർക്ക് ഗുണപ്രദമാകുന്ന ഈ പദ്ധതി ഇത്തരത്തിൽ ഒരു പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള സിജി വയനാട് ചാപ്റ്റർ ഐജിസി വയനാട് ആണ് നിർവഹണ ഏജൻസി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി സി കെ റസാക്ക് സ്വാഗതവും ഐജിസി കോഡിനേറ്റർ മജീദ് തേനേരി നന്ദിയും പറഞ്ഞു.








