പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയതോടെ മുങ്ങിയ പ്ലാസ്റ്റിക്കുകള്‍ വീണ്ടും തലപൊക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികള്‍ ശക്തമാക്കുമ്പോഴും വിപണിയില്‍ സുലഭമായിരിക്കുകയാണ് പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും. പല രൂപത്തിലും ഭാവത്തിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇവ ലഭ്യമാണ്. തുണിത്തരങ്ങള്‍, ചെരിപ്പുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം പൊതിഞ്ഞു നല്‍കുന്നത് ഇത്തരം കവറുകളിലാണ്. വരും ദിവസങ്ങളിലും ഇത് കൂടുകയേ ഉള്ളൂ. മഴക്കാലമായതിനാൽ ഓടകളിലും റോഡിലും ഇത്തരം നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുകയാണ്. കാതുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരമായി സാധനം പൊതിഞ്ഞുനല്‍കുന്ന കാതില്ലാത്ത പ്ലാസ്റ്റിക് സഞ്ചികളും വിപണിയില്‍ സുലഭമാണ്.
പല രൂപത്തിലും ഭാവത്തിലും
2020 ജനുവരി 27-ലെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം പഴം, പച്ചക്കറി എന്നിവ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവിൽക്കുന്നത് നിരോധിച്ചതാണ്. 10,000 രൂപയാണ് പിഴയായി ചുമത്തുന്നത്. കേരളത്തില്‍ ഇവ ഉല്പാദിപ്പിക്കുന്നില്ലെങ്കിലും ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് എത്തുന്നത്. പരിശോധനയുള്ളപ്പോള്‍ പൂഴ്ത്തിവെയ്ക്കുകയും അല്ലാത്തപ്പോള്‍ വില്‍ക്കുകയും ചെയ്യുന്നതാണ് രീതി.
പരിശോധന കർശനമാക്കി
ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഹെല്‍ത്ത് ഇൻസ്പെക്ടർമാർ, ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന.
തദ്ദേശ സ്ഥാപനങ്ങളില്‍ തുടർച്ചയായി മൂന്ന് തവണ നിരോധിത ഉല്പന്നങ്ങള്‍ കണ്ടെത്തിയാല്‍ 50,000 രൂപ പിഴയും കടയുടെ ലൈസൻസ് റദ്ദാക്കലും.
നിരോധിച്ചവ
പ്ലാസ്റ്റിക് കൊണ്ടുള്ള ക്യാരിബാഗ്, ഷോപ്പിംഗ് ബാഗ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റ്, സ്ട്രോ, സ്പൂണ്‍, തെർമോക്കോളോ സ്റ്റിറോഫോമോ ഉപയോഗിച്ച് നിർമ്മിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കള്‍, 500 മില്ലിലിറ്ററില്‍ താഴെ ശുദ്ധജലം പായ്ക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്, പിവിസി ഫ്ലെക്സ് വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുള്ള തുണികള്‍.








