വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച് ഉയർന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള കാലാവധി 15 വർഷത്തിൽനിന്ന് 10 വർഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്.
വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ഫീസ് വർധിപ്പിച്ചിട്ടുള്ളത്. 10-15 വർഷം, 15-20 വർഷം, 20 വർഷത്തിൽ കൂടുതൽ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. വാഹനം പഴകുംതോറും ഓരോ വിഭാഗത്തിനും ഉയർന്ന ഫീസാണ് ഈടാക്കുക.
ഹെവി കൊമേഷ്യൽ വാഹനങ്ങൾക്കാണ് ഏറ്റവും വലിയ വർധന വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കനുസരിച്ച് 20 വർഷത്തിലധികം പഴക്കമുള്ള ഒരു ട്രക്കിനോ ബസിനോ ഇനി ഫിറ്റ്നസ് ടെസ്റ്റിനായി 25,000 രൂപ നൽകേണ്ടിവരും. മുന്പ് ഇത് 2,500 രൂപയായിരുന്നു. ഇതേ പരിധിയിലുള്ള മീഡിയം കൊമേഷ്യൽ വാഹനങ്ങൾ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നൽകണം.
20 വർഷത്തിൽ കൂടുതലുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇനി 15,000 രൂപയാണ് പുതുക്കിയ നിരക്ക്. മുച്ചക്ര വാഹനങ്ങൾക്ക് 7,000 രൂപയും 20 വർഷത്തിലധികം പഴക്കമുള്ള ഇരുചക്ര വഹനങ്ങൾക്ക് 2,000 രൂപയുമാണ് ഫീസ്.
15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾക്ക് പുതുക്കിയ റൂൾ 81 പ്രകാരം ഫിറ്റ്നസ് ടെസ്റ്റുകൾക്കായി മോട്ടോർസൈക്കിളുകൾക്ക് 400 രൂപ നൽകണം. എൽഎംവികൾക്ക് 600 രൂപയും മീഡിയം, ഹെവി കൊമേഷ്യൽ വാഹനങ്ങൾക്ക് 1,000 രൂപയും നൽകണം.








