കൽപ്പറ്റ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ പാറ തുരക്കുന്നതിനുള്ള രണ്ട് ഭീമൻ ബൂമർ മെഷീനുകൾ എത്തിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് 15 ദിവസം കൊണ്ടാണ് അത്യാധുനിക യന്ത്രങ്ങൾ വയനാട്ടിൽ എത്തിച്ചത്.
കടുപ്പമേറിയ പാറ തുരക്കാൻ ശേഷിയുള്ള ‘സാൻഡ്‌വിക്’ കമ്പനിയുടെ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗുകളാണ് ഇവ. സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിന് മുൻപ്, പാറകളിൽ കൃത്യമായ അളവിലും ആഴത്തിലും ദ്വാരങ്ങൾ നിർമ്മിക്കുക എന്നതാണ് ഈ യന്ത്രത്തിന്റെ പ്രധാന ദൗത്യം.
പദ്ധതിയുടെ കരാറുകാരായ കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് യന്ത്രങ്ങൾ എത്തിച്ചത്. നിലവിൽ കൽപ്പറ്റ ബൈപ്പാസിൽ നിർത്തിയിട്ടിരിക്കുന്ന യന്ത്രങ്ങൾ ഉടൻ നിർമ്മാണ സ്ഥലത്തേക്ക് കൊണ്ടുപോകും. 8.1 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കമായാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. ഈ യന്ത്രങ്ങളുടെ വരവോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.








