ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലാണ് പൊതുനിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുക. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.
ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിമാരായ എ.എം ജാഫര്‍, വി. ചന്ദ്രൻ എന്നിവരാണ് ജില്ലയിലെ ചെലവ് നിരീക്ഷകര്‍. കൽപ്പറ്റ നഗരസഭ, കൽപ്പറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകൾ, ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾ എ.എം ജാഫര്‍ നിരീക്ഷിക്കും. കൽപ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലായിരിക്കും അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സുൽത്താൻ ബത്തേരി, മാനന്തവാടി നഗരസഭകൾ, സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകൾ, ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾ വി. ചന്ദ്രൻ നിരീക്ഷിക്കും. സുൽത്താൻ ബത്തേരി റസ്റ്റ് ഹൗസിൽ ഓഫീസ് പ്രവർത്തിക്കും. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും നിരീക്ഷകര്‍ പരിശോധിക്കും.








