സ്വർണാഭരണങ്ങള്‍ തട്ടാനായി സ്വന്തം അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും. തൃശൂർ മുണ്ടൂരിലായിരുന്നു സംഭവം.
മുണ്ടൂർ സ്വദേശിയായ തങ്കമണിയാണ് (75) കൊല്ലപ്പെട്ടത്. കേസില്‍ കൊല്ലപ്പെട്ട തങ്കമണിയുടെ മകള്‍ സന്ധ്യ ( 45), കാമുകൻ നിതിൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയായിരുന്നു ക്രൂര കൊലപാതകം നടന്നത്. തങ്കമണിയുടെ സ്വർണാഭരണങ്ങള്‍ കവരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ തങ്കമണിയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം രാത്രിയോടെ മൃതദേഹം പറമ്ബില്‍ കൊണ്ടിടുകയും ചെയ്തു. അമ്മ തലയിടിച്ച് വീണു എന്നാണ് മകള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവം കൊലപതകമാണെന്ന് സ്ഥിരീകരിച്ചത്.
തങ്കമണി പറമ്ബില്‍ വീണുകിടക്കുന്നുവെന്നും അനക്കമില്ലെന്നും വീട്ടുകാരെ അറിയിച്ചത് പ്രതി നിതിൻ തന്നെ യായിരുന്നു. തങ്കമണിയുടെ അയല്‍വാസി കൂടിയായിരുന്നു നിതിൻ. സംഭവമറിഞ്ഞ് എത്തിയ അയല്‍വാസിയായ പ്രിയൻ പറയുന്നതനുസരിച്ച് മൃതശരീരം തിരിച്ചിട്ടപ്പോള്‍ കഴുത്തിലും ചെവിക്കും പാടുകളുണ്ടായിരുന്നുവെന്നാണ്. മാത്രമല്ലെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നില്ല താനും ഇതോടെയാണ് സംഭവം കൊലപാതകമാണോ എന്ന സംശയമുണ്ടായത്. പ്രതി നിതിൻ ശബരിമലയ്ക്ക് പോകാനാണെന്ന് പറഞ്ഞ് തയ്യാറായി നില്‍ക്കുകയായിരുന്നു എന്നും അയല്‍വാസിയായ പ്രിയൻ പ്രതികരിച്ചു. കൊല്ലപ്പെട്ട തങ്കമണിയുടെഒരേയൊരു മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. സന്ധ്യയുടെ കാമുകനും അയല്‍വാസിയുമായ നിതിനും വിവാഹിതനാണ്.








