സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
അതേസമയം ഡിറ്റ്‌വ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ ദുരിതം തുടരുകയാണ്. പ്രളയത്തിലും മണ്ണിടിച്ചിലിലും 390 പേർ മരിച്ചു. 350 ലേറെ പേരെ കാണാതായി. ഡിറ്റ്‌വ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്‌നാട് പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമർദം തമിഴ്‌നാട്ടിൽ മഴയ്ക്ക് ഇടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.








