കൽപ്പറ്റ: ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മദ്യവിൽപ്പനക്കാരൻ പിടിയിൽ. വെണ്ണിയോട് വലിയകുന്ന് സ്വദേശി ‘മുത്തപ്പൻ സുരേഷ്’ എന്ന വി.എ. സുരേഷ് ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 23 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.
വെണ്ണിയോട് വലിയകുന്ന് ഭാഗത്ത് വ്യാപകമായി മദ്യവിൽപ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. 10 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.
കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ പി. ഷാജി, സുനിൽകുമാർ എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്‌തഫ ടി, പ്രജീഷ് എം.വി, പ്രോമിസ് എം.പി, വജീഷ്‌കുമാർ വി.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്‌ന പി.യു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.








