തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ. ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി 828 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. 1035 വനിതാ സ്ഥാനാർഥികളും 933 പുരുഷ സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 724, നഗര സഭകളിൽ 104 പോളിങ് ബൂത്തുകളാണ് സജ്ജമാക്കുന്നത്.
ജില്ലയിൽ വോട്ടെടുപ്പ് ദിവസം 14 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 1737 പോലീസുകാരെ വിന്യസിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു. 47 പ്രദേശങ്ങളിലായി 64 പ്രശ്ന സാധ്യതാ ബൂത്തുകളാണ് ജില്ലയിലുള്ളത്. ബൂത്തുകൾ കേന്ദ്രികരിച്ച് ഗ്രൂപ്പ് പട്രോളിങും സജ്ജമാക്കും. ജില്ലയുമായി അതിർത്തി പങ്കിടുന്ന അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്തുമെന്നു എസ്.പി അറിയിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയിൽ 3988 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 997 പ്രിസൈഡിങ് ഓഫീസർമാരും 2991 പോളിങ് ഓഫീസർമാരുമാണുള്ളത്. കൽപ്പറ്റ നഗരസഭയിൽ എസ്.ഡി.എം എൽ.പി സ്കൂൾ, മാനന്തവാടി നഗരസഭയിൽ സെന്റ് പാട്രിക്സ് എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി നഗരസഭയിൽ അസംപ്ഷൻ എച്ച്.എസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് പാട്രിക്സ് എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് മേരീസ് കോളേജ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ എസ്.കെ.എം.ജെ എച്ച്.എസ്, പനമരം ബ്ലോക്ക് പഞ്ചായത്തിൽ ഗവ എച്ച്.എസ്.എസ് എന്നീ ഏഴ് വിതരണ, സ്വീകരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക പോലീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 9497935224 നമ്പറിൽ പരാതികൾ അറിയിക്കാം. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ വിമൽ രാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു എന്നിവർ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.








