828 ബൂത്തുകളിലായി 6,47,378 വോട്ടർമാരാണ് ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,13,048 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജൻഡർ വോട്ടർമാരും 20 പ്രവാസി വോട്ടർമാരുമാണുള്ളത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും 59 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റികളിലെ 103 വാർഡകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3988 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
189 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നുള്ള തത്സമയ ദൃശ്യങ്ങൾ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ മുഴുവൻ സമയവും നിരീക്ഷിക്കും. ജില്ലയിലെ 47 പ്രദേശങ്ങളിലായി 64 പ്രശ്ന ബാധ്യതാ ബൂത്തുകളും കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾക്കായി മാത്രം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക പോലീസ് കൺട്രോൾ റൂമും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 9497935224 എന്ന നമ്പറിൽ അറിയിക്കാം. വോട്ടെടുപ്പ് പൂര്‍ത്തിയായാലും ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിലുണ്ടാവും. എല്ലാ വോട്ടർമാരും വിലയേറിയ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.
മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പോളിങ് ബൂത്തിലെത്താൻ പ്രത്യേക വാഹന സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.








