പ്രായമാകുന്ന ആളുകളിൽ എഴുപത് വയസാകുമ്പോഴേക്കും ഓർമശക്തി കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്. ഇത് ഏകദേശം അറുപത്തേഴ് ശതമാനത്തോളം വരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന പഠനം പറയുന്നത് ഓർമ, ചിന്ത, ധാരണ എന്നിവ 45ന് മുമ്പ് തന്നെ ക്ഷയിക്കാൻ തുടങ്ങുന്നുണ്ടെന്നാണ്. അതിനാൽ തന്നെ തലച്ചോറിന്റെ ശേഷി വർധിപ്പിക്കാനും ഇത്തരം അവസ്ഥ മറികടക്കാനുള്ള വഴികൾ തേടണം. ഈ അവസ്ഥയെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു മാർഗത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റീട്രീഷ്യനുമായ ഡോ ലാബിബ് ഗുൽമിയ. എല്ലാവർക്കും വീട്ടിൽ തന്നെ പരിശീലിക്കാവുന്ന ഒരു വ്യായാമത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
എല്ലാദിവസവും ഇരുപത് സെക്കൻഡ് ഒറ്റകാലിൽ നിൽക്കാൻ നിങ്ങൾക്ക് സാധിക്കുമോ? ഇങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ നിങ്ങളുടെ തലച്ചോറിനെ പ്രായമാകുന്നതിൽ നിന്നും സംരക്ഷിക്കാൻ കഴിയും. ഈ വ്യായാമ മുറ കൃത്യമായി ചെയ്താൽ നിങ്ങളുടെ തലച്ചോർ കൂടുതൽ ശക്തമാവുമെന്നാണ് ഡോ ലാബിബ് പറയുന്നത്. ഇതിലൂടെ നിങ്ങളുടെ ശ്രദ്ധയും ഓർമശക്തിയും വർധിക്കുമെന്നും ഡോക്ടർ പറയുന്നു.
പഠനങ്ങൾ പറയുന്നത് ബാലൻസ് ചെയ്യുന്ന വ്യായാമമുറകൾ തലച്ചോറിനെ പ്രവർത്തനക്ഷമമാക്കുന്നു എന്നാണ്. ഇത് പുതിയ ന്യൂറൽ പാത്ത് വേകൾ സൃഷ്ടിക്കുന്നു മാത്രമല്ല ഓർമകൾ നഷ്ടപ്പെടുന്നത് തടയുകയും പ്രായമാകുന്നതുമായി ബന്ധപ്പെട്ട് ഓർമശക്തിയിലുണ്ടാവുന്ന സ്വാധീനങ്ങളെ ചെറുക്കുമെന്നും ഡോക്ടർ വിശദീകരിക്കുന്നുണ്ട്. വളരെ സിമ്പിളായ ഈ വ്യായാമ രീതി പെട്ടെന്നും എളുപ്പത്തിലും ചെയ്യാൻ കഴിയുമെന്നതു മാത്രമല്ല ഇത് തലച്ചോറിന്റെ കഴിവുകളെ ദീർഘകാലമായി നിലനിർത്തുകയും ചെയ്യും.








